എഡിറ്റര്‍
എഡിറ്റര്‍
കൊട്ടിയൂര്‍ പീഡനം: കുട്ടിയെ സ്വീകരിച്ച വിവരം സി.ഡബ്ല്യൂ.സിയെ അറിയിച്ചിരുന്നു; ശിശുക്ഷേമ സമിതിയ്‌ക്കെതിരെ വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രം
എഡിറ്റര്‍
Sunday 5th March 2017 6:46pm

വൈത്തിരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ വയനാട് സി.ഡബ്ല്യൂ.സിയ്‌ക്കെതിരെ കുട്ടിയെ സ്വീകരിച്ച വൈത്തിരി അനാഥാലയം രംഗത്ത്. ഫെബ്രുവരി ഏഴിന് കുട്ടിയെ എത്തിച്ച വിവരം ശിശുക്ഷേമ സമിതിയെ അറിയച്ചതായാണ് ദത്തെടുക്കല്‍ കേന്ദ്രം അറിയിച്ചു. ഫോണിലൂടെയായിരുന്നു വിവരം അറിയിച്ചതെന്നും അവര്‍ വ്യക്തമാക്കി.

സി.ഡബ്ല്യൂ.സി തുടര്‍നടപടികള്‍ സ്വീകരിക്കാതെ ദത്തെടുക്കല്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണെന്നും കേന്ദ്രത്തിന്റെ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ പ്രതികരണം.

കുട്ടിയെ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ തന്നെ ശിശുക്ഷേമ സമിതിയംഗം ഡോ.ബെറ്റി ജോസിനെ അറിയിച്ചിരുന്നു. എന്നാല്‍ സമിതി തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുട്ടിയുടെ അമ്മയുടെ പ്രായത്തില്‍ സംശയമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കേണ്ടത് ശിശുക്ഷേമ സമിതിയുടെ ഉത്തരവാദിത്വമാണെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

കേസില്‍ ആരോപണ വിധേയനായ ഫാദര്‍ തേരകത്തെ മാനന്തവാടി രൂപതയുടെ വക്താവ് സ്ഥാനത്തു നിന്നും പുറത്താക്കിയതായി രൂപത അറിയിച്ചു. കുറ്റാരോപിതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടിലെന്നും രൂപത വ്യക്തമാക്കി.

അതേസമയം, കൊട്ടിയൂര്‍ പീഡനക്കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കരണ ചെയര്‍മാനുമായ വി.എസ് അച്യൂതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

സഭ സംഘടിതമായി കുറ്റം മറച്ചുവെക്കുകയും പ്രതികള്‍ ഓരോരുത്തരായി ഒളിവില്‍ പോവുകയും ചെയ്താല്‍ അത് പൊലീസിന്റെ നിഷ്‌ക്രീയത്വമായി ചിത്രീകരിക്കുമെന്നും വി.എസ് പറഞ്ഞു.


Also Read: ‘ കോഹ്‌ലിയുടേത് വെളിവില്ലായ്മയാണ്, അത് മൊത്തം ടീമിനേയും കൊണ്ടേ പോകൂ ‘ : ഇന്ത്യന്‍ നായകനെതിരെ ആഞ്ഞടിച്ച് മാര്‍ക്ക് വോ


വൈദികരേയും കന്യാസ്ത്രീകളേയും ഉള്‍പ്പടെ കുറ്റ കൃത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ക്രിമിനലുകള്‍ക്ക് ഒളിത്താമസം ഒരുക്കുകയും ചെയ്യുകയും ചെയ്ത എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വി.എസ് പറഞ്ഞു.

നേരത്തെ കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്തെത്തിയിരുന്നു.

അയാള്‍ വൈദികനല്ലെന്നും കൊടും ക്രിമിനലാണെന്നും ആന്റണി പറഞ്ഞു. അയാള്‍ മുന്‍പ് വൈദികനായിരുന്നു എന്ന് പോലും പറയുന്നത് ശരിയല്ല. ഏറ്റവും ഹീനമായപ്രവൃത്തിയാണ് അയാള്‍ ചെയ്തത്. ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.

കേസിലെ മുഖ്യപ്രതിയായ റോബിന്‍ വടക്കുഞ്ചേരിയൊഴികെ മറ്റെല്ലാ പ്രതികളും ഒളിവിലാണ്. അഞ്ച് കന്യാസത്രീകളുള്‍പ്പടെ എട്ട് പ്രതികളാണ് കേസിലുള്ളത്. അറസ്റ്റിലായ റോബിന്‍ ഇപ്പോള്‍ തലശ്ശേരി ജയിലില്‍ റിമാന്‍ഡിലാണ്.

Advertisement