ka saifudeen ormakalude album

ഭാഗം: ഏഴ്

ഇരുട്ടില്‍ പൊതിഞ്ഞുകിടക്കുന്ന ഒരു മൈതാനം. അങ്ങേത്തലക്കല്‍ ഉയര്‍ത്തിക്കെട്ടിയ സ്‌റ്റേജ്. അതിനുമുന്നിലെ ചുവന്ന തിരശീലയിലേക്ക് മാത്രം വെളിച്ചം ചിതറുന്നുണ്ട്. മൈതാനത്തിന്റെ മറ്റേ അറ്റത്തോളം നിരന്നിരിക്കുന്നവരില്‍ ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. കുട്ടികളും വൃദ്ധരുമുണ്ട്. ആകാംക്ഷയുടെയും അക്ഷമയുടെയും നിമിഷങ്ങള്‍ കൊഴിഞ്ഞുവീഴുന്നതിനിടയില്‍ ഒരു ശബ്ദം.

ടിര്‍ണിംംംംം…….

നീണ്ടുമുഴങ്ങുന്ന ഒരു മണിയൊച്ച. അതിനൊടുവില്‍ കനത്തുമുഴങ്ങുന്ന ശബ്ദത്തില്‍ ഒരറിയിപ്പ്.

‘അടുത്ത ഒരു ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു. അതിനു മുമ്പ് ഈ മൈതാനത്തിലും പരിസരങ്ങളിലുമുള്ള എല്ലാ ലൈറ്റുകളും അണച്ച് ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’ അതിനും എത്രയോ മുമ്പേ ലൈറ്റുകള്‍ അണഞ്ഞുകഴിഞ്ഞിരുന്നു.

മൂന്നാമത്തെ മണിമുഴക്കത്തിനു മുമ്പ് നാടകത്തെക്കുറിച്ച് ‘രണ്ടു വാക്ക്’ ഇടിവെട്ടുന്ന ശബ്ദത്തില്‍ ഉയര്‍ന്നുകേള്‍ക്കാം. അങ്ങനെ കെ.പി.എ.സിയും തിരുവന്തപുരം സൌപര്‍ണികയും ചാലക്കുടി സാരഥിയും വൈക്കം മാളവികയും കൊച്ചിന്‍ സംഘമിത്രയും സൂര്യസോമയും രാജന്‍ പി.ദേവും വക്കം ഷക്കീറും കുമരകം രാജപ്പനും സതീഷ് സംഘമിത്രയുമൊക്കെ ഞങ്ങളുടെ നാട്ടുകാര്‍ക്ക് അടുത്ത ചങ്ങാതിമാരെപ്പോലെയായി.

അവധിക്കാലത്തിന്റെ ഓര്‍മകളില്‍ എത്ര മായ്ച്ചാലും മായാതെ നില്‍ക്കുന്നുണ്ട് എത്രയോ ആവര്‍ത്തിച്ച ഉത്സവപ്പറമ്പുകളിലെ പൊടിപൂരങ്ങള്‍. പരീക്ഷ കഴിഞ്ഞ് പള്ളിക്കൂടം അടക്കുമ്പോള്‍ ഉത്സവപ്പറമ്പുകള്‍ ഉണരും. ചുറ്റുവട്ടങ്ങളിലെ എല്ലാ അമ്പലമുറ്റങ്ങളിലും പിന്നെ ആഘോഷത്തിന്റെയും ആവേശത്തിന്റെയും കൊടിയേറ്റം.

അറിയാത്ത ദേശങ്ങളില്‍നിന്ന് മേളക്കാരും കച്ചവടക്കാരും വന്നു തുടങ്ങും. നാട്ടില്‍നിന്ന് കല്യാണം കഴിച്ചുപോയവര്‍ കുടുംബമടക്കം സ്വന്തം അമ്പലമുറ്റത്തേക്ക് മടങ്ങിവരും, ഉത്സവം കൂടാന്‍. അമ്പലമുറ്റത്തേക്കുള്ള വഴിയിലും ആല്‍ത്തറവട്ടത്തിലും കളിപ്പാട്ടങ്ങളും കരിവളകളും കണ്‍മഷിയും ചാന്തും പൊട്ടും മലര്‍പൊരിയും ഈത്തപ്പഴവും ഹല്‍വയുമൊക്കെ വില്‍ക്കുന്ന ചെറു കടകള്‍ ഉയര്‍ന്നു തുടങ്ങും.

വൈകുന്നേരങ്ങളില്‍ തൊഴാന്‍ കോടിയുടുത്തു പോകുന്ന പെണ്ണുങ്ങള്‍ കുട്ടികള്‍ക്ക് ഒരാഴ്ചയുടെ ആയുസ്സുപോലുമില്ലാത്ത വളകളും മാലകളും കമ്മലുകളും ആവോളം വാങ്ങിക്കൊടുത്തു. കാരണവന്മാര്‍ കുട്ടികള്‍ക്ക് ഇഷ്ടംപോലെ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും വാങ്ങിത്തന്നു.

സന്ധ്യാനേരത്ത് ക്ഷേത്രത്തിലേക്കുള്ള വഴികളിലൂടെ പെണ്ണുങ്ങള്‍ കുട്ടികളുടെ കൈപിടിച്ച് പാതി മുറിച്ച തേങ്ങയില്‍ എണ്ണ നിറച്ച് തിരിയിട്ട് കൊളുത്തി താലപ്പൊലിയെടുത്തു നടന്നു. അവര്‍ക്കുചുറ്റും കൂടി കുട്ടികളും വായ്ക്കുരവയിട്ടുനടന്നു. അവരുടെ ജാതി ആരും ചോദിച്ചില്ല. ഒരു ബോര്‍ഡും ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ആരെയും വിലക്കിയില്ല.
മൂന്നും നാലും ചിലപ്പോള്‍ അഞ്ചും പത്തും ദിവസങ്ങള്‍ നീണ്ട ഉത്സവത്തിന്റെ സമാപനനാളില്‍ പഞ്ചാരിമേളവും ആനയും കെട്ടുകാഴ്ചയും മയിലാട്ടവും അമ്മന്‍കുടവും കുത്തിയോട്ടവും കുതിരയെഴുന്നെള്ളിക്കലും ആവേശത്തിന്റെ കൊട്ടിക്കലാശമായി. രാത്രിനേരങ്ങളില്‍ അമ്പലമുറ്റത്തെ സ്‌റ്റേജില്‍ കഥാപ്രസംഗവും ബാലെയും നാടകവുമൊക്കെ തരാതരംപോലെ അരങ്ങേറി. വി. സാംബശിവനായിരുന്നു അന്നത്തെ സൂപ്പര്‍ സ്റ്റാര്‍.

ടി.വിയും സീരിയലുകളും ജീവിതം പങ്കിട്ടെടുത്തപ്പോള്‍ പുലര്‍ച്ചവരെ നീണ്ട കലാപരിപാടികള്‍ ഓര്‍മയായി

ആയിഷയും അന്നാകരിനീനയുമൊക്കെ ഞങ്ങള്‍ക്കും കാണാപ്പാഠമായി. അത് കാണാനും കേള്‍ക്കാനുമായി വീട് പൂട്ടി എല്ലാവരും ചേര്‍ന്ന് ടോര്‍ച്ചും ചൂട്ടുകറ്റകളുമായി അമ്പലപ്പറമ്പിലേക്ക് പുറപ്പെടുമായിരുന്നു. ചില മുത്തശഷ്ടിമാര്‍ കൈയില്‍ തഴപ്പായകളും കരുതി. പുലര്‍ച്ചെ വരെ നീളുന്ന കലാപരിപാടികള്‍ക്കിടയില്‍ ഒന്നു മയങ്ങാന്‍ ഒരു മുന്‍കരുതല്‍. മുതിര്‍ന്നവര്‍ കുട്ടികളോട് കാര്‍ക്കശ്യമില്ലാതെ പെരുമാറിയ കാലമായിരുന്നു അത്.

സ്‌റ്റേജിനുമുന്നിലെ മൈതാനത്തില്‍ നീളത്തില്‍ വലിയ കയറ് വലിച്ചുകെട്ടി ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിച്ചിരുന്നു. എന്നിട്ടും ചില വിദ്വാന്മാര്‍ വേലിചാടി. അവരെ വിലക്കാന്‍ വീണ്ടും മൈക്കിലൂടെ അനൌണ്‍സ്‌മെന്റുകള്‍. അതിനിടയില്‍ വെടിക്കെട്ട് ആകാശത്തില്‍ ചിത്രങ്ങളെഴുതി. കാതില്‍ കതിന പൊട്ടി.

നാടകമായിരുന്നു മുഖ്യ ഐറ്റം. ആ സ്ഥാനം പിന്നെ ഗാനമേള അപഹരിച്ചു, പിന്നീട് മിമിക്രിയും. ഇടയിലെപ്പോഴോ വേനല്‍മഴ കൂടുപൊട്ടിച്ച് തകര്‍ത്തു ചീറ്റി. ചിതറിയോടിയ ആളുകള്‍ സ്‌റ്റേജിലേക്ക് ഇരച്ചുകയറിയപ്പോള്‍ അത് നിലംപൊത്തി. അതിനടിയിലും മഴയൊഴിഞ്ഞ് കയറിക്കൂടിയവര്‍ ഉണ്ടായിരുന്നു. അവരുടെ മുതുകു തകര്‍ന്നു.

ടി.വിയും സീരിയലുകളും ജീവിതം പങ്കിട്ടെടുത്തപ്പോള്‍ പുലര്‍ച്ചവരെ നീണ്ട കലാപരിപാടികള്‍ ഓര്‍മയായി. രാത്രി ഒമ്പതുമണിക്കുശേഷം അമ്പലപ്പറമ്പുകളിലും ആളൊഴിഞ്ഞു.
എന്നിട്ടും മനസ്സിലെ ആ അമ്പലപ്പറമ്പില്‍ ഇപ്പോഴും ആരവം അടങ്ങുന്നില്ല.

കടപ്പാട്: മാധ്യമം വെളിച്ചം

വര: മജ്‌നി

സൈക്കിള്‍ കാലം (ഓര്‍മകളുടെ ആല്‍ബം ഭാഗം ഒന്ന്‌)

അവധിക്കൊട്ടക ( ഓര്‍മകളുടെ ആല്‍ബം ഭാഗം: രണ്ട്)

ഒരു വോട്ടുകാലത്തിന്റെ ഓര്‍മ ( ഓര്‍മകളുടെ ആല്‍ബം ഭാഗം: മൂന്ന്)

സായിപ്പേ! തോട്ട്മീന്‍ കൂട്ടുമോ? ( ഓര്‍മകളുടെ ആല്‍ബം ഭാഗം: നാല്‌)

ചൂണ്ടമുനയില്‍ വെച്ച മനസ്സ് ( ഓര്‍മകളുടെ ആല്‍ബം ഭാഗം: അഞ്ച്)

എത്ര മധുരമാ മാമ്പഴക്കാലം…( ഓര്‍മകളുടെ ആല്‍ബം ഭാഗം:ആറ്‌ )