തൃശൂര്‍: പെണ്‍കുട്ടിയെ റെയില്‍വെ ട്രാക്കില്‍ അബോധാവസ്ഥയില്‍ കണ്ടകേസില്‍ പ്രതിയെന്നു സംശയിക്കുന്നയാള്‍ പിടിയില്‍. പെണ്‍കുട്ടിയുടെ ബന്ധുവും ഒറീസ സ്വദേശിയുമായ ജിത്ത് ആണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന പണം താന്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ട്രെയിനില്‍ നിന്നും വീഴുകയായിരുന്നെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയെ താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞതായാണ് സൂചന.

പെണ്‍കുട്ടിയുടെ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. കുട്ടി കണ്ണുതുറന്നു. കൈകാലുകള്‍ ഇളക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ ട്രാക്കില്‍ കണ്ടെത്തുന്നത്. ട്രെയിന്‍ വരുന്നതിനു മുമ്പ് ട്രാക്കില്‍നിന്ന് മാറ്റിയതിനാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. പെണ്‍കുട്ടികളെ കാണാതായതു സംബന്ധിച്ച് കമ്പനി ഉടമയും മറ്റു ചിലരും ചേര്‍ന്ന് പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സമീപവാസികളുടേതടക്കം പതിനാലായിരം രൂപയുമായി കടന്നുകളഞ്ഞു എന്നായിരുന്നു പരാതി. ഭാഷയിലുള്ള പരിമിതി നില്‍ക്കെ ആശയവിനിമയത്തില്‍വന്ന അപാകത പരാതി നല്‍കുന്നതിനെയും സാരമായി ബാധിച്ചു. പുതുക്കാട് ചിറ്റിശ്ശേരി തുണ്ടേപ്പറമ്പില്‍ പി.എ സെറാമിക്‌സ് കമ്പനിയിലെ ജീവനക്കാരായ ഒറീസ ദമ്പതികളുടെ മകളാണ് ഈ പെണ്‍കുട്ടി. വീട്ടില്‍നിന്നും പിണങ്ങിയിറങ്ങിയ യുവതി സഹോദരിയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരുന്ന പരാതി. പെണ്‍കുട്ടിയുടെ സഹോദരിയ എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ ട്രെയിനിലാണ് കണ്ടെത്തിയത്.