ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയ മാല്‍ക്കങ്കരി ജില്ലാ കലക്ടര്‍ ആര്‍.വിനീല്‍ കൃഷ്ണയുടെ ജീവന് ഭീഷണിയില്ലെന്ന് ഒറീസ സര്‍ക്കാര്‍ വ്യക്തമാക്കി. കലക്ടറുടേയും ജൂനിയര്‍ എഞ്ചിനീയര്‍ പബിത്ര മാജിയുടേയും ജീവന്‍ സംരക്ഷിക്കാന്‍ എല്ലാ നടപടിയുമെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇരുവരും സുരക്ഷിതരാണെന്നും ജീവന് അപായമില്ലെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി യു.എന്‍ ബെഹ്‌റ പറഞ്ഞു. അതിനിടെ മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.

പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ മാവോയിസ്റ്റുകള്‍ക്കെതിരായ വേട്ട നിര്‍ത്തിവെച്ചിട്ടുണ്ട്. സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് റോഡ് തടലും മറ്റ് അക്രമങ്ങളും ഉണ്ടാവില്ലെന്ന് മാവോയിസ്റ്റുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

സീനിയര്‍ ഐ.എ.എസ് ഓഫീസര്‍ കലക്ടര്‍ ആര്‍ വിനീല്‍ കൃഷ്ണയാണ് മാവോവാദികളുടെ പിടിയിലായത്. ചിത്രകോണ്ട പ്രദേശത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കലക്ടര്‍.