Categories

പോസ്‌കോ: ഭൂമി ഏറ്റെടുക്കല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു

ഭുവനേശ്വര്‍: പോസ്‌കോ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തിനുശേഷം ഭൂമി ഏറ്റെടുക്കലില്‍ വേണ്ടനടപടികളെടുക്കുമെന്ന് ജില്ലാ ജഡ്ജി എസ്.കെ ചൗധരി പറഞ്ഞു.

ലോകത്തിലെ ഉരുക്കുനിര്‍മ്മാണകമ്പനികളില്‍ മൂന്നാംസ്ഥാനത്തുനില്‍ക്കുന്ന ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്‌കോയ്ക്ക് ഒറീസയില്‍ ഭൂമി ഏറ്റെടുക്കല്‍ മുതല്‍ പ്രശ്‌നങ്ങളായിരുന്നു. 2005 ലാണ് ഒറീസയുമായി 53800 കോടി രൂപയുടെ പ്രൊജക്ടിന് കൊറിയ കരാറൊപ്പിടുന്നത്. ഒറീസയില്‍ പോസ്‌കോ പദ്ധതിയ്ക്കായി 4000 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാമെന്നായിരുന്നു കരാര്‍. ഇതില്‍ പകുതിയോളം ഭൂമി ഏറ്റെടുത്തിട്ടുണ്ട്.

എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു. നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ഏറ്റെടുക്കല്‍ തുടര്‍ന്നെങ്കിലും വിവിധ രാഷ്ട്രീയപാര്‍ട്ടികളും പ്രക്ഷോഭത്തില്‍ പങ്കുകൊണ്ടതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി.

ഇതിനിടെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ഏറ്റെടുക്കല്‍ പുനരാംരംഭിച്ചതാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണം. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേര്‍ അണിചേര്‍ന്ന സമരത്തില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറും പങ്കെടുത്തിരുന്നു.

അതേസമയം ഈ പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. പോസ്‌കോയിലെ ഭൂമി ഏറ്റെടുക്കലിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടനുസരിച്ചായിരുന്നു നിര്‍ദേശം.

ഭൂമി പിടിച്ചെടുക്കല്‍ അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും പോസ്‌കോ പദ്ധതി പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഭൂരിഭാഗം പേരും കര്‍ഷകരായിട്ടുള്ള ഒറീസയില്‍ പോസ്‌കോ പദ്ധതി പല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.