തിരുവനന്തപുരം: ഐ.ടി ഫേമായ ഒറാക്കിള്‍  ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ക്ക് സെന്ററിലെ താല്‍ക്കാലിക കേന്ദ്രത്തിലാണ് 50 പുതിയ ജോലിക്കാരുടെ പരിശീലനവുമായി ഒറാക്കിള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ടെക്‌നോപാര്‍ക്കിലെ ലീല ഇന്‍ഫോപാര്‍ക്കില്‍ ഏറ്റെടുത്തിട്ടുള്ള 40,000 ചതുരശ്ര അടി സ്ഥലം പണിതീരുന്നതുവരെ പാര്‍ക്ക് സെന്ററിലെ താല്‍ക്കാലിക കേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടരും.

കേരളത്തിലെ ഐ.ടി മേഖലയ്ക്ക് വലിയ നേട്ടമാകും ഒറാക്കിളിന്റെ വരവെന്ന് ടി ബാലകൃഷ്ണന്‍ ഐ.എ.എസ് പറഞ്ഞു.

ഇന്ത്യയില്‍ ബാംഗ്ലൂരിലാണ് ഒറാക്കിളിന്റെ പ്രധാനകേന്ദ്രം. 28,000 തൊഴിലാളികളുണ്ട് ബാംഗ്ലൂരില്‍. മെട്രോ നഗരത്തിനു പുറമെയുള്ള ആദ്യകേന്ദ്രമാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ആരംഭിച്ചത്.

മൈക്രോസോഫ്ട്, ഐ.ബി.എം. പോലെയുള്ള കമ്പനികള്‍ കൂടി കേരളത്തിലേക്ക് എത്തിക്കുകയാണ് ഇനിയുള്ള വെല്ലുവിളിയെന്നും ഒറാക്കിളിന് അവരുടെ വ്യവസായ വികസനത്തിനാവശ്യമായ എല്ലാ അനുകൂല സാഹചര്യങ്ങളും ഒരുക്കുമെന്നും ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. മെര്‍വിന്‍ അലക്‌സാണ്ടര്‍ പറഞ്ഞു.