കോഴിക്കോട്: മൊബൈല്‍ കമ്പനികള്‍ക്കുവേണ്ടി ഒപ്റ്റിക്കല്‍ ഫൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്നത് ക്രൂരമായ തൊഴില്‍ ചൂഷണം. മൊബൈല്‍ ടവറുകള്‍ക്കിടയിലെ ഒപ്റ്റിക്കല്‍ ഫൈബറുകള്‍ക്കുണ്ടാവുന്ന തകരാറുകള്‍ പരിഹരിക്കുകയെന്നതാണ് ഇവരുടെ ജോലി. കരാര്‍ തൊഴിലാളികളായ ഇവര്‍ക്ക് രാത്രി, പകല്‍ എന്നില്ലാതെ 24 മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്നുണ്ടെങ്കിലും അതിനുതക്ക ശമ്പളമോ അവധിയോ ലഭിക്കാറില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

7000ത്തിനും 16000ത്തിനും ഇടയിലുള്ള തുകയാണ് 365 ദിവസവും പണിയെടുക്കേണ്ടിവരുന്ന ഇവര്‍ക്ക് ലഭിക്കുന്നത്. മാസത്തില്‍ രണ്ടോ മൂന്നോ അവധി ദിനങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഫലത്തില്‍ അത് ലഭിക്കാറില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ഇവര്‍ക്കൊപ്പം തന്നെ പ്രവര്‍ത്തിക്കുന്ന ടവര്‍ ടെക്‌നീഷ്യന്‍മാരുടെയും പെട്രോളേഴ്‌സിന്റെയും ജൂനിയര്‍ എഞ്ചിനിയര്‍മാരുടെ അവസ്ഥയും ഇതുതന്നെയാണ്. പലപ്പോഴും ഇതിലും കുറഞ്ഞ വേദനമാണ് അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ടെക്‌നീഷ്യന്‍മാര്‍ക്ക് ലഭിക്കുന്നത്.

മൂന്നുറിലേറെ തൊഴിലാളികളായ വിവിധ ഭാഗങ്ങളിലായി ഈ ജോലി ചെയ്യുന്നത്. ഒരു പ്രദേശത്ത് എഞ്ചിനിയര്‍, ഒരു സ്‌പ്ലൈസര്‍, അസിസ്റ്റന്റ് സ്‌പ്ലൈസര്‍, ഹെല്‍പ്പര്‍, ഡ്രൈവര്‍ എന്നിങ്ങനെ അഞ്ചുപേരെയാണ് നിയമിക്കുക. അവര്‍ക്ക് ഒരു വാഹനവും നല്‍കും. ഈ പരിധിയില്‍ വരുന്ന ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള തകരാറുകളുണ്ടായാല്‍ പരിഹരിക്കേണ്ടത് ഇവരുടെ ചുമതലയാണ്. ഇതിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലെന്ന് ഈ രംഗത്തു തൊഴിലെടുക്കുന്നവര്‍ പറയുന്നു.


Also Read: ‘ഇരട്ടത്താപ്പിന് ഉത്തമ ഉദാഹരണം’ പാണക്കാട് തങ്ങളുടെ പേരക്കുട്ടിയുടെ ആഢംബരവിവാഹത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ


’24 മണിക്കൂര്‍ ജോലി കഴിഞ്ഞാലും മുറി വിട്ടുപോകരുതെന്നാണ് നിര്‍ദേശം. എന്തെങ്കിലും തകരാറുകള്‍ ഉണ്ടായാല്‍ വിവരം ലഭിച്ചാല്‍ അപ്പോള്‍ തന്നെ പോകണം’ ഈ രംഗത്തു ജോലി ചെയ്യുന്ന അജീഷ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

എയര്‍ടെല്‍, റിലയന്‍സ്, ജിയോ തുടങ്ങിയ കമ്പനികള്‍ നേരിട്ട് തൊഴിലാളികളെ നിയമിക്കുന്നതിനാല്‍ അവര്‍ക്ക് മികച്ച ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഐഡിയ, ടാറ്റ വോഡഫോണ്‍ തുടങ്ങിയ കമ്പനികളാണ് കരാറുകാരുടെ കീഴില്‍ തൊഴിലാളികളെ നിര്‍ത്തിക്കൊണ്ട് കടുത്ത ചൂഷണം നടത്തുന്നതെന്ന് അജീഷ് പറയുന്നു.

‘മൊബൈല്‍ കമ്പനികള്‍ വേറൊരു കമ്പനിക്ക് ഒപ്റ്റിക്കല്‍ മെയിന്റനന്‍സ് കരാര്‍ കൊടുക്കുകയും ആ കരാറുകാരന്റെ കീഴില്‍ തൊഴിലാളികളെ നിര്‍ത്തുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് നേരിട്ട് ടെലികോം കമ്പനികളോട് ആവശ്യങ്ങള്‍ ഉന്നയിക്കാനും സാഹചര്യമില്ല. ആരെങ്കിലും സംസാരിച്ചാല്‍ അവരെ പിരിച്ചുവിടുക എന്ന നടപടിയാണ് ഇവര്‍ സ്വീകരിക്കുന്നത്. ‘ അദ്ദേഹം പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ ഈ മേഖലയില്‍ തൊഴിലാളി സംഘടനകളില്ലാത്തതിനാല്‍ ചൂഷണം ചോദ്യം ചെയ്യപ്പെടാറില്ല. ഈ മേഖലയിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തി കക്ഷിഭേദമന്യേ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാനുളള തയ്യാറെടുപ്പിലാണ് തങ്ങളെന്നും തൊഴിലാളികള്‍ പറയുന്നു.