തിരുവനന്തപുരം: പകര്‍ച്ചപ്പനി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പകര്‍ച്ചപ്പനി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഡോ. തോമസ് ഐസക് ആണ് പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.

എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 300 പേരോളം മരണപ്പെട്ടിട്ടുണ്ട്. പതിനായിരക്കണക്കിന് പേര്‍ ചികിത്സയിലാണ്. എന്നാല്‍ 179 പേര്‍ മാത്രമേ മരണപ്പെട്ടിട്ടുള്ളുവെന്നാണ് സര്‍ക്കാര്‍ കണക്കെന്നും തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും നടപടി സ്വീകരിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ നിയോജകമണ്ഡലത്തില്‍ മരുന്നുക്ഷാമമുണ്ടെന്ന് എം.എല്‍.എമാര്‍ എഴുതി നല്‍കിയാല്‍ ലോക്കല്‍ പര്‍ച്ചേസിന് ഇന്നു തന്നെ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. തെറ്റായ വിവരമാണ് നല്‍കിയതെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇതേ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.