Categories

പാചകവാതക വിതരണത്തില്‍ അടിയന്തരപ്രമേയം നിഷേധിച്ചു: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

assembly

തിരുവനന്തപുരം: പാചകവാതക സിലിണ്ടറിന്റെ വിലവര്‍ധന സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

പാചകവാതക വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയതു സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്ക് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പാചകവാതക സിലിണ്ടറിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം പരിഹരിച്ചുവെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് മറുപടി നല്‍കി. വിലവര്‍ധന സംബന്ധിച്ച് ആശങ്കവേണ്ട. സബ്‌സിഡി സിലിണ്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പഴയവിലയില്‍ തന്നെ ലഭിക്കുമെന്നും അനൂപ് ജേക്കബ് അറിയിച്ചു.

എല്‍.പി.ജി സബ്‌സിഡി വിതരണം ആധാര്‍ കാര്‍ഡ് വഴി നടപ്പാക്കരുതെന്നാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി തുടര്‍ന്ന് പറഞ്ഞു. രണ്ട് മാസം കൊണ്ട് ആധാറുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനാകില്ല.

ഇതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിടുണ്ട്. സിലിണ്ടര്‍ വിതരണത്തിലെ കാലതാമസം പരിഹരിക്കാന്‍ പെട്രോളിയം കമ്പനികളുമായി ചര്‍ച്ചനടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

മുഖ്യമന്ത്രി നല്‍കിയ വിശദീകരണവും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നല്‍കിയ വിശദീകരണവും തൃപ്തകരമല്ലെന്ന് പറഞ്ഞായിരുന്നു ഇറങ്ങിപ്പോക്ക്.

സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്.

ഇപ്പോഴത്തെ വിലവര്‍ധന ഇടിവെട്ടിയവനെ പാമ്പുകടിച്ചതുപോലെയാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയാണെന്നും വി.എസ് അറിയിച്ചു.

സരിത പ്രശ്‌നം പോലെ എല്‍.പി.ജി വിതരണവും വിലക്കയറ്റവും കൈകാര്യം ചെയ്യാമെന്നു കരുതേണ്ടെന്നു പ്രതിപക്ഷം ആരോപിച്ചു.

ഘട്ടംഘട്ടമായി സബ്‌സിഡി ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് തോമസ് ഐസക്ക് ആരോപിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതിന് ന്യായീകരിക്കാനാകില്ലെന്നും ഐസക് പറഞ്ഞു.