തിരുവനന്തപുരം: തീരുവ വെട്ടിക്കുറച്ച് 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന്് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കെ. സുരേഷ്‌കുറുപ്പാണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും, മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമേ ശ്രദ്ധയില്‍പ്പട്ടിട്ടുള്ളുവെന്നും സംസ്ഥാനത്ത് റബറിന്റെ വില ഇടിയുന്ന ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നും നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കില്ലെന്നും, സംസ്ഥാന സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തരികമല്ലാത്തതിനെതുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.