തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എ.കെ.ബാലനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ആസൂത്രണത്തിലെ പിഴവ് മൂലമാണു കനത്ത പ്രതിസന്ധിക്കു കാരണമെന്ന് എ.കെ.ബാലന്‍ ആരോപിച്ചു. ഈ നില തുടര്‍ന്നാല്‍ അടുത്ത വേനല്‍ക്കാലത്തു കനത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരും. രണ്ടാഴ്ചത്തേക്കു വൈദ്യുതി വകുപ്പ് പാട്ടത്തിനു തരാമെങ്കില്‍ പ്രതിസന്ധി പരിഹരിച്ചു തരാമെന്നും എ.കെ.ബാലന്‍ പറഞ്ഞു.

Subscribe Us:

അതേസമയം, കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പ്രതിസന്ധിക്കു കാരണമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി നല്‍കി. ഒരു സമയത്ത് ഒരു തവണ മാത്രമാണ് ഇപ്പോള്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കുമെന്നും ആര്യാടന്‍ വ്യക്തമാക്കി.

മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്നു സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.