തിരുവനന്തപുരം: മരുന്നുകളുടെ വിലക്കയറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്നും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എലിപ്പനി മരുന്നിനു കുത്തനെ വിലകൂടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ മാസം 20ന് മരുന്നുല്‍പാദകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മരുന്നു കമ്പനികളുടെ ചൂഷണം അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Subscribe Us:

വിലക്കയറ്റം സംബന്ധിച്ചു മന്ത്രിമാര്‍ക്കു ഭിന്നാഭിപ്രായമാണുള്ളതെന്നും വിലക്കയറ്റം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മന്ത്രിമാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. രാസവള വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളെ വിലനിയന്ത്രിക്കുന്ന മരുന്നുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് പാവപ്പെട്ട രോഗികളെ ഗുരുതരമായി ബാധിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തു പച്ചക്കറിക്കുള്‍പ്പെടെ നിത്യോപയോഗ സാധാനങ്ങള്‍ക്ക് കുത്തനെ വിലകൂടി. ഇതിനെതിരെ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പ്രതിപക്ഷം പറഞ്ഞു. കഴിഞ്ഞ 100 ദിവസത്തെ പരിപാടിയിലും വിലക്കയറ്റം സര്‍ക്കാര്‍ പ്രധാന അജണ്ഡയായെടുത്തില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ സംസ്ഥാനത്തു കാര്യമായ വര്‍ധനയില്ലെന്നു കണക്കുകള്‍ ഉദ്ധരിച്ചു മുഖ്യമന്ത്രി മറുപടി പറഞ്ഞു. വില നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്തു വരികയാണ്. കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു.