Administrator
Administrator
‘പ്രതിപക്ഷ ആവശ്യം അനുവദിക്കാന്‍ വേറെ ആളെ നോക്കണം’
Administrator
Tuesday 25th October 2011 2:55pm

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

അഞ്ചു കൊല്ലം ഭരിച്ചിട്ടും ടൈറ്റാനിയം അഴിമതി കേസില്‍ എല്‍.ഡി.എഫ് എന്തു കൊണ്ടു നടപടിയെടുത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു . ഇപ്പോള്‍ പുറത്തു വന്ന രേഖകളില്‍ പുതുതായി ഒന്നുമില്ലെന്ന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം തന്നെ പറഞ്ഞിട്ടുണ്ട്. രേഖകളെല്ലാം പല പ്രാവശ്യം പുറത്തു വന്നതാണ്. ഏഴു ദിവസത്തിനുളളില്‍ ഫാക്ടറി പൂട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. ജലവിതരണവും വൈദ്യുതിയും വിച്‌ഛേദിക്കാനും നിര്‍ദേശം വന്നു. ഇത് ഒഴിവാക്കാനാണ് സുപ്രീംകോടതി മോണിറ്ററിങ് സമിതിയുമായി ബന്ധപ്പെട്ടത്.

മോണിറ്ററിങ് കമ്മിറ്റിക്ക് താന്‍ രണ്ടു കത്തല്ല, മൂന്നു കത്ത് അയച്ചു. സമയം വേണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ കത്ത് മാനിച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുന്നുവെന്ന മറുപടി തനിക്ക് ലഭിച്ചു. തന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ടൈറ്റാനിയം ഫാക്ടറി പൂട്ടാതിരുന്നത്. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്പനി പൂട്ടാതിരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണു വിഷയത്തില്‍ ഇടപെട്ടതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സി.ബി.ഐ അന്വേഷണം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്. പ്രതിപക്ഷത്തിന്റെ ആവശ്യം അനുവദിക്കാന്‍ വേറെ ആളെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു ശേഷം അടിയന്തര പ്രമേയം തള്ളുന്നതായി സ്പീക്കര്‍ അറിയിച്ചു.

Advertisement