ന്യൂദല്‍ഹി: സി.എ.ജി റിപ്പോര്‍ട്ടിന്‍മേല്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടാം ദിവസവും പ്രതിപക്ഷം സഭ നടപടികള്‍ തടസ്സപ്പെടുത്തി. പ്രതിപക്ഷത്തെ ബി.ജെ.പി അംഗങ്ങളാണ് ബഹളം വെച്ചത്. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെച്ചു. രാജ്യസഭയും ലോക്‌സഭയും നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.

Ads By Google

കല്‍ക്കരിപ്പാടം ലേലം ഒഴിവാക്കി വ്യവസായികള്‍ക്ക് കൈമാറിയത് വഴി സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോര്‍ട്ട് ആണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. പ്രതിപക്ഷത്തിന്റെ ഏത് ആവശ്യവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയിലോ ചര്‍ച്ചയിലോ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്. പ്രധാനമന്ത്രി പുറത്ത് പോവണം എന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്നും ബി.ജെ.പിയുടെ പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ടില്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചിരിക്കുകയാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

കല്‍ക്കരിപ്പാടങ്ങള്‍, വന്‍കിട വൈദ്യുതി പദ്ധതികള്‍, ദല്‍ഹി വിമാനത്താവളം എന്നിവയെക്കുറിച്ച മൂന്ന് സി.എ.ജി റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചത്. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ഒഴിവാക്കി വ്യവസായികള്‍ക്ക് കൈമാറിയത് വഴി സര്‍ക്കാറിനുണ്ടായ നഷ്ടത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ട് ഉത്തരവാദിയാണെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആരോപണം.