എഡിറ്റര്‍
എഡിറ്റര്‍
നിയമസഭയുടെ ആദ്യ ദിനം ബഹളം: പ്രതിപക്ഷം ഇറങ്ങിപ്പോയി
എഡിറ്റര്‍
Monday 10th June 2013 10:55am

assembly

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പ്രതിപക്ഷ ബഹളം. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഉന്നയിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് എ കെ ബാലന്‍ ആരോപിച്ചു.

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപടികള്‍ അപര്യാപ്തമാണ്. നടപടികള്‍  ഒച്ചിന്റെ വേഗത്തില്‍ ഇഴയുകയാണ്. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല. സംസ്ഥാനത്തു പട്ടിണി   മരണം വ്യാപിക്കുകയാണെന്നും എ.കെ.ബാലന്‍ കുറ്റപ്പെടുത്തി.

Ads By Google

അട്ടപ്പാടിയില്‍ ശിശുമരണം ആവര്‍ത്തിക്കാ തിരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പോഷകാഹാര കുറവ് മൂലം അട്ടപ്പാടിയില്‍ ശിശുമരണം സംഭവിക്കുന്നത് സഭ നിര്‍ത്തി വച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് അട്ടപ്പാടിയില്‍ സംഭവിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. ചില പ്രത്യേക സാഹചര്യം അവിടെ നിലനില്‍ക്കുന്നുണ്ട്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുത്തതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  നിയമസഭാ സമ്മേളനത്തിന്റെ ഏതു ദിവസം വേണമെങ്കിലും അട്ടപ്പാടി പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

ആദിവാസികളുടെ പ്രശ്‌നത്തില്‍ എല്ലാവരും പ്രതിക്കൂട്ടിലാണ്. യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അട്ടപ്പാടിയിലെ ശിശുമരണം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് തള്ളി. തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല.  പരാതി ലഭിച്ചാലുടന്‍ അന്വേഷണം നടത്താമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടും കുറ്റവാളികളുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ടി.വി. രാജേഷാണ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് ചോദ്യം ഉന്നയിച്ചത്.

അതേസമയം, സേവനാവകാശ നിയമത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് 28 ദിവസം നീണ്ടുനില്‍ക്കുന്ന നിയമസഭാ സമ്മേളനം ആരംഭിച്ചത്. പതിമൂന്നാം നിയമസഭയുടെ ഒന്‍പതാം സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്.

മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടശേഷമുള്ള   ആദ്യ നിയമസഭാ സമ്മേളനത്തില്‍ നടപടികള്‍   പൂര്‍ണമായും മലയാളത്തിലാക്കിയെന്ന സവിശേഷതയുണ്ട്.

Advertisement