എഡിറ്റര്‍
എഡിറ്റര്‍
സ്വാശ്രയ പ്രശ്‌നം: പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി
എഡിറ്റര്‍
Tuesday 26th June 2012 11:05am

തിരുവനന്തപുരം: സ്വാശ്രപ്രശ്‌നത്തില്‍ അടിയന്തരപ്രമേയത്തിന്  അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മാനേജ്‌മെന്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും പ്രിവിലേജ് സീറ്റുകള്‍ നിയമവിരുദ്ധമാണെന്നും ആരോപിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്നും എം.എ ബേബി ആരോപിച്ചു. എന്നാല്‍ മാനേജ്‌മെന്റുകള്‍ക്ക് പ്രവിലേജ് സീറ്റ് അനുവദിച്ച് നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് തുടര്‍ന്ന് സംസാരിച്ച ആരോഗ്യമന്ത്രി വി.എസ് ശിവകുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിടാന്‍ തയാറാകാതിരുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള കോളജുകള്‍ പോലും ഇക്കുറി കരാര്‍ ഒപ്പിടാന്‍ തയാറായത് സര്‍ക്കാരിന്റെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷ നടത്തിപ്പ് പരാജയമായിരുന്നുവെന്ന് മാനേജ്‌മെന്റുകള്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളില്‍ മാനേജ്‌മെന്റുകളുമായി ഒരുതരത്തിലും കരാറുണ്ടാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് ആയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം പ്രവേശനത്തിന് മുന്‍പേ മാനേജ്‌മെന്റുകളുമായി കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞത് യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അനുമതി നിഷേധിച്ചു.   ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. സ്വാശ്രയ പരീക്ഷാ ക്രമക്കേടില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എം.എ ബേബി പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തെ പ്രവേശനത്തെ കുറിച്ചാണ് അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്വാശ്രയ പരീക്ഷാ ക്രമക്കേടില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എം.എ ബേബി പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷത്തെ പ്രവേശനത്തെ കുറിച്ചാണ് അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement