എഡിറ്റര്‍
എഡിറ്റര്‍
കല്‍ക്കരി ഖനി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ പിരിഞ്ഞു
എഡിറ്റര്‍
Tuesday 21st August 2012 11:00am

ന്യൂദല്‍ഹി: കല്‍ക്കരി ഖനി ബ്ലോക്കുകള്‍ അനുവദിച്ചതിലെ അഴിമതി സംബന്ധിച്ചുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബി.ജെ.പിയാണ് സി.എ.ജി റിപ്പോര്‍ട്ട് ഉദ്ധരിച്ച് വിഷയം സഭയില്‍ ഉന്നയിച്ചത്.

Ads By Google

സഭ ആരംഭിച്ച് അല്‍പസമയത്തിന് ശേഷം തന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ഇരുസഭകളും 12 മണിവരെ നിര്‍ത്തിവച്ചു. എന്നാല്‍ വീണ്ടും സഭ ആരംഭിച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് പിരിയുകയായിരുന്നു.

രാവിലെ ലോക്‌സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി. എ.ഐ.എ.ഡി.എം.കെ, ഇടത്, ടി.ഡി.പി അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു. ഇതോടെ സഭ 12 മണിവരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ മീരാ കുമാര്‍ അറിയിച്ചു.

രാജ്യസഭയില്‍ ബി.ജെ.പി ഉപനേതാവ് രവി ശങ്കര്‍ പ്രസാദ്, എം.വെങ്കയ്യ നായിഡു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം ബഹളം വച്ചത്. അതിനിടെ, യു.പി.എയെ പുറമേ നിന്ന് പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിലക്കയറ്റത്തെ ന്യായീകരിച്ച ബേണി പ്രസാദ് വര്‍മ്മയുടെ പരാമര്‍ശത്തിനെതിരെയാണ് ആരോപണമുന്നയിച്ചത്.

ബഹളം രൂക്ഷമായതോടെ രാജ്യസഭയും നടപടികള്‍ നിര്‍ത്തിവച്ചു. രാജ്യസഭയില്‍ ഉപാധ്യക്ഷനായി പി.ജെ കുര്യന്റെ തിരഞ്ഞെടുപ്പ്  അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇന്ന് നടക്കാനിരിക്കേയാണ് പ്രതിപക്ഷ ബഹളം.

കല്‍ക്കരി ബ്ലോക്ക്, ഊര്‍ജം,  ദല്‍ഹി വിമാനത്താവളം എന്നിവയുടെ ഇടപാട് വഴി സ്വകാര്യ കമ്പനികള്‍ 3.06 ലക്ഷം കോടി രൂപയുടെ വഴിവിട്ട ലാഭമുണ്ടാക്കിയെന്നാണ് സി.എ.ജിയുടെ റിപ്പോര്‍ട്ടുകള്‍.

Advertisement