തിരുവനന്തപുരം: പകര്‍ച്ചപനി പടരുന്നത് സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പനി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഇത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് പി.തിലോത്തമന്‍ എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പനി തടയാന്‍ ആസ്പത്രികളില്‍ ആവശ്യത്തിന് സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ല. പനിമരണങ്ങളുടെ കണക്ക് സര്‍ക്കാര്‍ കുറച്ചുക്കാട്ടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.മരുന്ന് നല്‍കാന്‍ പോലും സര്‍ക്കാരിന് ആവുന്നില്ല. പനിബാധിച്ച് മുഖ്യമന്ത്രിക്ക് സഭയിലെത്താന്‍ ആവുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാല്‍ പനി ബാധ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറവാണെന്നായിരുന്നു ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്റെ മറുപടി. പനി പകരുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പനിപടരുമ്പോഴും ആശുപത്രിയിലെത്താതെ മുങ്ങിനടക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരികരിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു.