തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. സഭയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് മറുപടി ലഭിക്കുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങള്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി മറുപടി ലഭിക്കാത്തത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങളാണ് ഇവ.


Also Read: പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ആസ്സാമില്‍ രണ്ട് മുസ്‌ലിം കുട്ടികളെ അടിച്ചുകൊന്നു


പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് മുഖ്യമന്ത്രി ഒറ്റവാചകത്തില്‍ മറുപടി നല്‍കി. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയില്ലെന്നും അന്വേഷിച്ച് പറയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എന്നാല്‍ പ്രതിപക്ഷനേതാവ് ഉന്നയിച്ച പ്രശ്‌നം ഗൗരവമുള്ളതാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പരിശോധിച്ച് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു അദ്ദേഹം. പ്രശ്‌നം പരിശോധിച്ച് വേണ്ട നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.