തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍ ഭരണ- സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രശ്‌നത്തില്‍ ശൂന്യവേളയില്‍ കോണ്‍ഗ്രസിലെ വി ഡി സതീശന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ഉയര്‍ന്ന തസ്തികകളിലെ കൂട്ട വിരമിക്കല്‍ ഭരണ തലത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് സതീശന്‍ പറഞ്ഞു. പരിചയമില്ലാത്ത ഓഫീസര്‍മാര്‍ ഒരു സുപ്രഭാതത്തില്‍ കടന്നുവരുന്നത് അപകടമാണ്. ഇത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍ ഉദ്യോഗസ്ഥരുടെ കൂട്ട വിരമിക്കല്‍ മൂലം യാതൊരു തരത്തിലുള്ള പ്രതിസന്ധിയോ ഭരണ സ്തംഭനമോ ഉണ്ടാകില്ലന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ചില ചെറിയ പ്രശ്‌നങ്ങള്‍ മാത്രമെ ഉണ്ടാകു. അത് പെട്ടന്ന് പരിഹരിക്കാവുന്നതാണ്. ഒഴിവുകള്‍ എത്രയും വേഗം നികത്തും. ഒഴിവു വന്ന തസ്തികളിലേക്കുള്ള പ്രമോഷനുകള്‍ ഒന്നോ രണ്ടോ ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. എന്‍ട്രി കേഡറിലെ നിയമനത്തിന് പി എസ് സി നടപടി തുടങ്ങിയെന്നും എല്ലാം വര്‍ഷവും ജനവരിയില്‍ തന്നെ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തിരപ്രമേയത്തിനെ സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ വിടുകയായിരുന്നു.