തിരുവനന്തപുരം: രാസവള വിലവര്‍ധനയില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മുല്ലക്കര രത്‌നാകരനാണ് നോട്ടീസ് നല്‍കിയത്.

കേന്ദ്രസര്‍ക്കാരിന്റെ നയമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് മുഖ്യമന്ത്രിയും കൃഷിമന്ത്രി കെ.പി മോഹനനും മറുപടി നല്‍കി. ജൂലായ് ഒന്നിനും രണ്ടിനും ദല്‍ഹിയിലെത്തി കേന്ദ്രകൃഷിമന്ത്രിയേയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും കണ്ട് ചര്‍ച്ച നടത്തുമെന്നും കൃഷിമന്ത്രി പറഞ്ഞു.

രാസവള വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇതിനായി ദില്ലിയില്‍ കേന്ദ്രത്തിന് നേരിട്ട് നിവേദനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കഴിഞ്ഞദിവസമാണ് സംസ്ഥാനത്തെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി രാസവള വില വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് 300 രൂപയാണ് വര്‍ധിപ്പിച്ചത്. നൈട്രജനും ഫോസ്ഫറസും പൊട്ടാഷും ചേര്‍ന്ന കോംപ്ലക്‌സ് വളത്തിനാണ് വിലകൂടിയത്.