തിരുവനന്തപുരം: കര്‍ഷക ആത്മഹത്യാ പ്രശ്‌നം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറെയ ശേഷം സംസ്ഥാനത്ത് 43 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് ചുണ്ടിക്കാട്ടി മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ കര്‍ഷകരോട് തികച്ച അവഗണനയാണ് കാട്ടുന്നതെന്ന് മുല്ലക്കര സഭയില്‍ പറഞ്ഞു.

എന്നാല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ ആരും കാര്‍ഷിക വായ്പ എടുത്തിരുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ പലര്‍ക്കും സംസ്ഥാനത്ത് ഒരിഞ്ചു ഭൂമി പോലും കൃഷി ഇല്ലാത്തവരാണെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കര്‍ഷകരുടെ പ്രശ്‌നത്തില്‍ ദേശസാത്കൃത ബാങ്കുകളുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇടതു സര്‍ക്കാര്‍ കൈക്കൊണ്ടു വന്ന കാര്‍ഷിക കടാശ്വാസ നിയമത്തില്‍ പാകപ്പിഴയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

Malayalam News

Kerala News In English