ന്യൂദല്‍ഹി : ആഭ്യന്തരമന്ത്രി പി.ചിദംബരം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ലോകസഭയില്‍ ഇന്നും ബഹളം. ദല്‍ഹിയിലെ ഒരു ഹോട്ടലുടമയെ വഴിവിട്ടു സഹായിച്ചെന്ന് കാണിച്ച് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരായി വാര്‍ത്ത പുറത്തുവന്നിരുന്നു.

ചോദ്യോത്തരവേളയില്‍ ചിദംബരം മറുപടി പറയാനായി എഴുന്നേറ്റപ്പോഴൊക്കെ പ്രതിപക്ഷം ബഹളം തുടര്‍ന്നു. ചിദംബരത്തെ ഒരു ചോദ്യത്തിനും മറുപടി പറയാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. പിന്നീട് നടന്ന ശൂന്യവേളയിലും ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നു.

Subscribe Us:

ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് ബഹളത്തിനിടയാക്കിയത്. ഹോട്ടലുടമയ്‌ക്കെതിരായ കേസ് ആഭ്യന്തരമന്ത്രാലയം ഇടപെട്ട് പിന്‍വലിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. മന്ത്രിയാകുന്നതിന് മുന്‍പ് അഭിഭാഷകനെന്ന നിലയില്‍ ചിദംബരത്തിന് ഈ ഹോട്ടലുടമയുമായി ബന്ധമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം നടത്തിയ വിവാദ പ്രസ്താവനയില്‍ ലോക്‌സഭയില്‍ ഇന്നും പി.ടി. തോമസ് എംപിയുടെ പ്രതിഷേധിച്ചു. ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരായ പ്ലക്കാര്‍ഡുമായി സഭയ്ക്കുള്ളിലെത്തിയാണ് പി.ടി. തോമസ് പ്രതിഷേധം പ്രകടിപ്പിച്ചത്.

അതേസമയം പ്ലക്കാര്‍ഡുമായി സഭയ്ക്കുള്ളിലെത്തിയതിന് സ്പീക്കര്‍ അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു. ഇന്നലെ ചിദംബരത്തിനെതിരായ പ്ലക്കാര്‍ഡുമായി പി.ടി. തോമസ് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി പ്രതിഷേധിച്ചിരുന്നു.

Malayalam News

Kerala News In English