Categories

എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ ദേശദ്രോഹികളാക്കുന്നു: പ്രതിപക്ഷം

endosulfan3

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

കെ. കുഞ്ഞിരാമനാണ് നോട്ടീസ് നല്‍കിയത്. ഇരകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതായി പ്രതിപക്ഷം ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളെ ദേശദ്രോഹികളാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, ഇരകളുടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഗഡു നല്‍കിയതായി മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. കൂടുതല്‍ പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടങ്ങള്‍ എഴുതിത്തള്ളും. 711 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യവും പരിഗണിക്കും. എന്‍ഡോസള്‍ഫാന്‍ മൂലം കാന്‍സര്‍ ബാധിച്ചവര്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.

അതേസമയം, ക്ലിഫ് ഹൗസിന് മുന്നില്‍ ഇരകള്‍ നടത്തുന്ന അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും സമരം ഇന്ന് തന്നെ അവസാനിപ്പിക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മുഖ്യമന്ത്രി ഇതിനായി മന്ത്രി കെ.പി മോഹനനെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.

Tagged with: |