തിരുവനന്തപുരം: ചോദ്യോത്തര വേളയ്ക്കിടെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എ.കെ.ബാലനെ ചോദ്യം ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം. പാഠപുസത്കത്തെ കുറിച്ചുള്ള ചോദ്യം ചോദിക്കുന്നതിനിടെയാണ് ബാലന്‍ സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്.

മുഖ്യചോദ്യവുമായി ബന്ധപ്പെട്ട ഉപചോദ്യങ്ങളെ പാടുള്ളുവെന്നും വിഷയത്തില്‍ നിന്നു മാറി ചോദ്യം അനുവദിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വ്യക്തമാക്കി. സ്പീക്കര്‍ ഭരണപക്ഷത്തിന് അനുകൂലമായി സംസാരിക്കുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ വാക്കുകള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്നു പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചു. എന്നാല്‍ സഭാ നടപടികളുമായി മുന്നോട്ടു പോകാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. ബഹളംവെച്ച് ചെയറിനെ പേടിപ്പിക്കേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

കോഴിക്കോട്ട് എസ്.എഫ്.ഐ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് വെടിവയ്പിന്റെ പത്രവാര്‍ത്തകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്നു നിയമസഭയില്‍ എത്തിയത്.