കോഴിക്കോട്: കോഴിക്കോട് പോലീസ് വെടിവെപ്പുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.

എന്നാല്‍ സ്പീക്കര്‍ സഭ പിരിച്ചുവിട്ടിട്ടും പ്രതിപക്ഷാംഗങ്ങള്‍ പുറത്തിറങ്ങാന്‍ തയ്യാറായില്ല. സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയാണ് അംഗങ്ങള്‍.

Subscribe Us:

നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട ഡി.ജി.പിയുടെ ഉത്തരവ് ലഭിച്ചശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് വെടിവെച്ച നടപടി ശരിയാണെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോ, ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായമെന്താണ് എന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ഇതേ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറെ സസ്‌പെന്റ് ചെയ്തശേഷം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ക്രിമിനല്‍ സ്വഭാവമുള്ള ആളായ രാധാകൃഷ്ണപിള്ള പ്രവര്‍ത്തകര്‍ക്കുനേരെ ആക്രോശിച്ചു വെടിയുതിര്‍ക്കുകയായിരുന്നെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നോ അസിസ്റ്റന്റ് കമ്മീഷര്‍ പ്രവര്‍ത്തിച്ചതെന്നും പ്രതിപക്ഷം ചോദിച്ചു.

ആഭ്യന്തരവകുപ്പിന്റെ വീഴ്ചയായതിനാല്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടയില്‍ തന്നെ സ്പീക്കര്‍ സഭാനടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയില്‍ സഭയില്‍ ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ് നടന്നു. ആരോഗ്യം, കുടുംബക്ഷേമം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ധനവിനിയോഗ ബില്‍. വോട്ടെടുപ്പിനുശേഷം സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. ഭരണപക്ഷ അംഗങ്ങളെല്ലാം സഭയില്‍ നിന്നും പുറത്തേക്കു പോയെങ്കിലും പ്രതിപക്ഷം പുറത്തിറങ്ങാതെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടര്‍ന്നു.