തിരുവനന്തപുരം: തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തുവെന്ന് കാണിച്ച് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍ ചന്ദ്രന്‍, ആര്‍.എസ്.പി സെക്രട്ടറി താമരാക്ഷന്‍ പിള്ള, ജനതാദള്‍ (എസ്) നേതാവ് മാത്യു പി. തോമസ്, കോണ്‍ഗ്രസ് (എസ്) നേതാവ് എ.കെ ശശീന്ദ്രന്‍ തുടങ്ങിയ എല്‍.ഡി.എഫ് പ്രതിനിധികളാണ് ഗവര്‍ണറെ സന്ദര്‍ശിച്ച് പരാതി കൈമാറിയത്.

കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് ഭരണഘടനാ പരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി സന്ദര്‍ശനശേഷം വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. ‘കഴിഞ്ഞദിവസം അസംബ്ലിയെ പരിഹസിക്കുന്ന തരത്തില്‍ ചില ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഒരധ്യാപകന്റെ നേരെ നടത്തിയ ക്രൂരമായ ആക്രമണവും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളിലും പ്രതിപക്ഷം ശക്തമായി ഇടപെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.’- വി.എസ് പറഞ്ഞു.

ഇപ്പോള്‍ തടവുകാരനായി കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് വന്‍ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കികൊടുത്തിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നതിന് പകരം സൂപ്പര്‍ഹോസ്പിറ്റല്‍ എന്ന് വിളിക്കാവുന്ന തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പിള്ളയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 50,000 രൂപയോളം ദിവസവാടക നല്‍കിയാണ് പിള്ള അവിടെ കഴിയുന്നത്. പ്രതിപക്ഷം നിയമസഭയില്‍ ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ സംഭവങ്ങള്‍ എം.എല്‍.എമാരും മാധ്യമപ്രവര്‍ത്തകരും കണ്ടതാണ്. പ്രതിപക്ഷം ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ യാതൊരു പരിഗണനയും നല്‍കിയില്ലെന്നും അതിനാലാണ് ഗവര്‍ണറെ സമീപിച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.