തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. അരീക്കോട് ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ ലീഗ് എം.എല്‍.എ പി.കെ. ബഷീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്നും നിയമസഭ സ്തംഭിപ്പിച്ചത്.

രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് കൂട്ടത്തോടെ നടുത്തളത്തിലിറങ്ങി കുത്തിയിരിക്കുകയായിരുന്നു.

എം.എല്‍.എ പി.കെ. ബഷീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും പിടിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഇതിനിടെ ചോദ്യോത്തരവേള തുടങ്ങാന്‍ സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചോദ്യോത്തരവേള തുടങ്ങി നാല് മിനുട്ട് കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം ബഹളം വെയ്ക്കാന്‍ തുടങ്ങി.

ഇങ്ങനെ ചോദ്യോത്തരവേള നടത്തിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ അദ്ദേഹത്തിന്റെ ചേമ്പറിലേക്ക് മടങ്ങി. എന്നാല്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങാന്‍ തയാറാകാതെ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

ഇതേവിഷയത്തില്‍ സഭാനടപടികള്‍ തടസ്സപ്പെട്ടിരുന്നു. ഇന്ന് വീണ്ടും സഭ തടസപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. ബഷീറിനെ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് ഭരണപക്ഷവും അദ്ദേഹത്തെ പുറത്താക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് ഭരണപക്ഷവും നില്‍ക്കുകയാണ്.