എഡിറ്റര്‍
എഡിറ്റര്‍
എം.എല്‍.എ പോലീസ് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു
എഡിറ്റര്‍
Friday 23rd March 2012 9:06am

കൊയിലാണ്ടി: കൊയിലാണ്ടി എം.എല്‍.എ കെ. ദാസന് പോലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികള്‍ പൂര്‍ണമായി ബഹിഷ്‌കരിച്ചു. ഇന്നത്തെ സഭാനടപടികള്‍ സമ്പൂര്‍ണമായി ബഹിഷ്‌കരിച്ചതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.

രാവിലെ സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ സ്വാശ്രയ എഞ്ചിനിയറിംഗ് ഫീസിനെക്കുറിച്ച് നല്‍കിയ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. അല്‍പ്പസയമത്തിനുശേഷം തിരിച്ചെത്തിയ പ്രതിപക്ഷാംഗങ്ങള്‍ എം.എല്‍.എയെ പോലീസ് ആക്രമിച്ച കാര്യത്തെച്ചൊല്ലി ബഹളമുണ്ടാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ അക്രമണത്തില്‍ പരുക്കേറ്റ ദാസന്‍ പോലീസിലും നിയമസഭയിലും നല്‍കിയ മൊഴികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എം.എല്‍.എ സഭയില്‍ പറഞ്ഞത് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇതില്‍ തൃപ്തരാവാതെ സഭാനടപടികള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് സി.പി.ഐ.എം കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ നടത്തിയ ഉപരോധത്തിനിടെ ലാത്തിച്ചാര്‍ജിലാണ് കെ. ദാസന്‍ എം.എല്‍.എയ്ക്ക് പരിക്കേറ്റിരുന്നത്. തന്നെ മര്‍ദ്ദിച്ച കൊയിലാണ്ടി സി.ഐയ്‌ക്കെതിരേ നടപടിയാവശ്യപ്പെട്ട് സ്പീക്കര്‍ക്കും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും കെ. ദാസന്‍ പരാതി നല്‍കിയിരുന്നു.

Malayalam news

Kerala news in English

Advertisement