തിരുവനന്തപുരം: കോഴിക്കോട് വെടിവെയ്പ്പ് കേസില്‍ ജുഡീഷ്യണല്‍ അന്വേഷണം വേണമെന്ന ആവശ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വെടിവെയ്പ്പ് സംബന്ധിച്ച് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പോലീസിന്റെ പുറത്തുനിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ കൂടി പ്രശ്‌നം അന്വേഷിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഇതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വെടിവെപ്പ് സംബന്ധിച്ച് ഇനിയൊരു അന്വേഷണമുണ്ടെങ്കില്‍ അത് ജുഡീഷ്യല്‍ അന്വേഷണം ആകണമെന്ന് പ്രതിപക്ഷം അറിയിച്ചു. സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഇത് അന്വേഷിക്കുമ്പോള്‍ സ്വാധീനിക്കപ്പെടാന്‍ ഇടയുണ്ട്. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നിര്‍ബന്ധമാണെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ആരോപണവിധേയനായ എ.സി.പിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. എ.സി.പിക്കെതിരെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. എ.സി.പി.യെ സസ്‌പെന്റ് ചെയ്യണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പഴയ കരുണാകരനാകാന്‍ ശ്രമിക്കരുതെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവാഞ്ഞതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.