ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ പഴയ കക്ഷിയ്‌ക്കെതിരായ കേസുകള്‍ പിന്‍വലിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടികള്‍ വിവാദമാകുന്നു. ചിദംബരത്തിന്റെ കക്ഷിയായിരുന്ന എസ്.പി ഗുപ്തക്കെതിരായ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയ ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ വിശദമാക്കുന്ന മാധ്യമറിപ്പോര്‍ട്ടുകളുമായാണ് പ്രതിപക്ഷം പാര്‍ലമെന്റിലെത്തിയത്.  ആരോപണവിധേയനായ ചിദംബരം രാജിവെക്കണമെന്നാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടുണ്ടായ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നലെ സ്തംഭിച്ചിരുന്നു.

Subscribe Us:

വി.എല്‍.എസ് ഫിനാന്‍സിനെ ചതിച്ചു, എം.പിമാരുടെയടക്കം വ്യാജലെറ്റര്‍ഹെഡുകള്‍ ഉപയോഗിച്ചു, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്തു എന്നീകുറ്റങ്ങളാണ് എസ്.പി ഗുപ്തയ്‌ക്കെതിരെയുണ്ടായിരുന്നത്. 1999ല്‍ വി.എല്‍.എസ് ഫിനാന്‍സുമായി ബന്ധപ്പെട്ട കേസില്‍ ഗുപ്തയ്ക്കുവേണ്ടി ഹാജരായത് ചിദംബരമായിരുന്നു. തന്റെ കക്ഷിയെ രക്ഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ചിദംബരം ഇപ്പോള്‍ കാര്യനിര്‍വഹണ അധികാരം ഉപയോഗിച്ച് കേസ് ഇല്ലാതാക്കുകയാണെന്ന് ആരോപിച്ച് ഒരു എം.പി പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതി മാധ്യമങ്ങള്‍ പുറത്തുവിടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ നാഗിന ജില്ലയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമാജ് വാദി പാര്‍ട്ടി നേതാവ് യാഷ്‌വിര്‍ സിംഗാണ് പരാതി നല്‍കിയത്.

കേസില്‍ ഗുപ്തക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചശേഷമാണ് കേസ് തള്ളാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ദല്‍ഹി പോലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ട് ഗുപ്ത കഴിഞ്ഞ മെയ്യില്‍ ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചിരുന്നു. സെപ്റ്റംബറില്‍ ദല്‍ഹി സര്‍ക്കാരിന്റെ അഭ്യന്തരമന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ ആവശ്യം അംഗീകരിച്ചു. നവംബര്‍ 18ന് ഗവര്‍ണര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം പുറത്തായതോടെ കഴിഞ്ഞദിവസം  അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം മെയില്‍ ദല്‍ഹി പോലീസിന് കത്തയച്ചിരുന്നു. ആഭ്യന്തരമന്ത്രിയും നിയമമന്ത്രാലയവും ഈ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ടെന്നും കത്തില്‍പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഈ കത്തുകളില്‍ സ്വാഭാവികമായി നിയമനന്ത്രാലയത്തിന്റെ അഭിപ്രായത്തിനുശേഷം നടപടിയെടുക്കുക എന്ന കുറിപ്പെഴുതുക മാത്രമാണ് മന്ത്രിചെയ്തതെന്നാണ് ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗ് പറയുന്നത്. മുതിര്‍ന്ന അഭിഭാഷകനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഒരാള്‍ക്ക് പത്തോ ഇരുപതോ വര്‍ഷം മുമ്പ് ഹാജരായ എല്ലാ കക്ഷികളുടെയും പേരോ കേസോ ഓര്‍മിച്ചു വെക്കുക അസാധ്യമാണെന്നും അദ്ദേഹം വിശദീകരിക്കുന്നത്.