എഡിറ്റര്‍
എഡിറ്റര്‍
വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു: പ്രതിപക്ഷം സഭ വിട്ടു
എഡിറ്റര്‍
Monday 18th June 2012 9:00am

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ലാത്തിച്ചാര്‍ജ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

അനീഷ് രാജന്‍ കൊലക്കേസില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജിന്റെ പേരിലായിരുന്നു അടിയന്തരപ്രമേയം.

തിരുവനന്തപുരത്തു മുഖ്യമന്ത്രി പങ്കെടുത്ത പരിപാടക്കിടെ അനീഷ് രാജന്‍ കൊലക്കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധമാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. എസ്.എഫ്.ഐ ക്കാര്‍ക്കെതിരെ പോലീസ് പ്രയോഗിച്ചതാണെന്നു ചൂണ്ടിക്കാട്ടി ഗ്രനേഡിന്റെ ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.

വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ഗ്രനേഡ് പിടിച്ചെടുക്കണമെന്നു ഭരണപക്ഷം ആവശ്യപ്പെട്ടു. ഇത് ഭരണ,പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. ഇതേതുടര്‍ന്ന് മാരകായുധങ്ങള്‍ സഭയില്‍ കൊണ്ടുവരുന്നത് ചട്ടവിരുദ്ധമാണ് എന്നു സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി.

അനീഷ് രാജന്‍ കൊലക്കേസില്‍ ഒന്‍പതു പേരുടെ പേരുകളാണ് പ്രതിപ്പട്ടികയില്‍ ഉള്ളതെന്നും ഇവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്താനെത്തിയ കുട്ടികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നുവെന്നും വി.എസ് ആരോപിച്ചു.

Advertisement