ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസിലെ ആറാം പ്രതിയായ എസ്.എന്‍.സി ലാവ്‌ലിന്‍ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രിന്‍ഡലിനെതിരെ ഓപ്പണ്‍ വാറണ്ട്. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ട്രിന്‍ഡലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ സമയപരിധിയില്ലാത്ത വാറണ്ടാണ് പുറപ്പെടുവിച്ചത്.

സമയപരിധിയില്ലാത്ത വാറണ്ടാണ് ഓപ്പണ്‍ വാറണ്ട്. ഓപ്പണ്‍ വാറണ്ടുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതുവരെയോ, വാറണ്ട് പുറപ്പെടുവിച്ച കോടതി പിന്‍വലിക്കുന്നതുവരെയോ വാറണ്ടിന് കാലാവധിയുണ്ട്.

കുറ്റവാളികളെ കൈമാറുന്ന നിയമപ്രകാരം കാനഡയിലെ ക്ലോസ് ട്രിന്‍ഡലിനെ നാട്ടിലെത്തിക്കാനുള്ള നിയമനടപടി തുടങ്ങിയതായി സി.ബി.ഐ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സമയപരിധിയില്ലാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഓപ്പണ്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ പെട്ടെന്ന് അറസ്റ്റുചെയ്യാന്‍ കഴിയും.

കൂടാതെ ലാവ്‌ലിനിന്റെ ദല്‍ഹിയിലെ ഓഫീസില്‍ നേരിട്ട് സമന്‍സ് എത്തിക്കാന്‍ അനുമതി നല്‍കണമെന്ന് സി.ബി.ഐ കോടതിയോട് ആവശ്യപ്പെട്ടു. ലാവ്‌ലിന് അയച്ച സമന്‍സ് നാലുതവണ മടങ്ങിയ സാഹചര്യത്തിലാണ് സി.ബി.ഐ ഈ ആവശ്യവുമായി രംഗത്തെത്തുന്നത്. ഏറണാകുളം സി.ബി.ഐ ഒന്നാം നമ്പര്‍ കോടതി കാനഡയിലെ ഓഫീസിലേക്കയച്ച സമന്‍സ് കഴിഞ്ഞ ദിവസം മടങ്ങിയെത്തിരുന്നു.

ഇന്ത്യക്ക് കുറ്റവാളികളെ കൈമാറുന്നതിനുള്ള സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമന്‍സ് മടക്കിയത്. നേരത്തെ ലാവ്‌ലിനിന്റെ ദല്‍ഹിയിലെ ഓഫീസില്‍ അയച്ച സമന്‍സും മടങ്ങിയിരുന്നു. ഇതെ തുടര്‍ന്നാണ് കാനഡയിലെ ഓഫീസിലേക്ക് സമന്‍സ് അയച്ചത്. സി.ബി.ഐയുടെ ആവശ്യം ഈ മാസം 24ന് കോടതി പരിഗണിക്കും.