എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് വൈദ്യുതിക്ഷാമമുണ്ടെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 28th March 2012 2:46pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഉണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ വൈദ്യുതി മന്ത്രിയെയും വൈദ്യുതി ബോര്‍ഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കെ. ജയകുമാറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ ഈ മാസം 31ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. പുതിയ ചീഫ് സെക്രട്ടറിയാകുന്ന കെ. ജയകുമാര്‍ നിലവില്‍ മലയാളം, വെറ്ററിനറി സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ അരഡസനിലേറെ തസ്തികകളുടെ ചുമതല വഹിച്ചുവരികയാണ്.

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനമടക്കമുള്ള കാര്യങ്ങള്‍ യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും യു.ഡി.എഫിലെ ഐക്യം നെയ്യാറ്റിന്‍കരയില്‍ കാണാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ കടത്തിന് പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം ഡിസംബര്‍ 31വരെ ദീര്‍ഘിപ്പിക്കും. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെന്‍ഡര്‍ പരിശോധിക്കാന്‍ ബിഡ് നെഗോസിയേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കും. പാക് കടലിടുക്ക് നീന്തിക്കടന്ന മലയാളി നീന്തല്‍ താരം എസ്.പി.മുരളീധരന് അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികമായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement