തിരുവനന്തപുരം: ഹോട്ടലുകളില്‍ ന്യായവിലയും ഗുണനിലവാരവും ഉറപ്പു വരുത്താന്‍ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭക്ഷ്യവില ഏകീകരിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ചാണ്ടിയും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും പറഞ്ഞു.

ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന ഹൈക്കോടതിയുടെ അഭിപ്രായം നിയമനിര്‍മാണത്തിന് ശക്തിപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമസഭാ കാലയളവില്‍ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുചര്‍ച്ച ആവശ്യമായതിനാലാണിത്. എല്ലാ താലൂക്കുകളിലും ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുന്ന മാവേലി ഹോട്ടലുകള്‍ തുറക്കും. ഇതിനായി മുന്നോട്ടുവരുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ആവശ്യമായ സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹോട്ടലുകളില്‍ ഭക്ഷണവില അന്യായമായി വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ തടയണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹോട്ടലുകളിലെ യാതൊരു മാനദണ്ഡവുമില്ലാത്ത ഭക്ഷണവില സാധാരണ ജനത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഒരേ നിലവാരത്തിലുളള ഹോട്ടലുകളില്‍ നിന്ന് ഒരേ ഗുണമുളള മസാലദോശക്ക് പല വില നല്‍കേണ്ടിവരുന്ന സാഹചര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.

ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റെ അസോസിയേഷനും, കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയും തമ്മിലുളള കേസ് തീര്‍പ്പാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് എസ് സിരിജഗന്റെ ഉത്തരവ്. ഒരു മാനദണ്ഡവുമില്ലാതെ അനുദിനം കുതിച്ചുകയറുന്ന ഹോട്ടലുകളിലെ ഭക്ഷണവില സാധാരണ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഹോട്ടല്‍ ഭക്ഷണം അപ്രാപ്യമാക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.