എഡിറ്റര്‍
എഡിറ്റര്‍
ഭൂമിവിവാദം:സര്‍ക്കാരിന് ഒന്നും അറിയില്ലെന്ന് ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Wednesday 25th April 2012 4:33pm

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനം സര്‍ക്കാരിനോ വിദ്യാഭ്യാസ വകുപ്പിനോ അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ അറിയാതെ ഭൂമിദാനം ചെയ്യാന്‍ സര്‍വ്വകലാശാലയ്ക്ക് അനുവാദമില്ല. ഭൂമി ട്രെസ്റ്റിന് നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുക മാത്രമാണ് സര്‍വകലാശാല ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമി പോലും അന്യാധീനപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  വിവാദങ്ങളുണ്ടായതോടെ സര്‍വകലാശാല തന്നെ തീരുമാനം പിന്‍വലിച്ചതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരിക്കണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ക്ക് എന്തും ചെയ്യാം. ഭൂമി പാര്‍ട്ടിക്ക് നല്‍കുകയോ സ്വന്തക്കാര്‍ക്ക് കൈമാറുകയോ ചെയ്യാം. എന്നാല്‍ അക്കാര്യം പറഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ദാനത്തെ ന്യായീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കടല്‍ക്കൊലക്കേസില്‍ കേരളത്തിനുവേണ്ടി സുപ്രീംകോടതിയില്‍ വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കും. ഇതിനായി അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറിലെ പുതിയ ഡാം ആകാമെന്ന് ചൂണ്ടിക്കാട്ടി ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കിയതിനെ കേരള സര്‍ക്കാരിന് യാതൊരു അറിവും ഇല്ല. കേരളം തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. കേസ് നല്ല നിലയില്‍ അവതരിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് കേരളത്തിന്റെ നിലപാട്. നിഷ്പക്ഷരായ ആള്‍ക്കാര്‍ ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതു കൊണ്ട് യുവജനങ്ങളുടെ അവസരം നഷ്ടപ്പെടില്ല. മുഴുവന്‍ ഒഴിവുകളിലും സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജോലിക്ക് അര്‍ഹതയുള്ള 99 ശതമാനം പേരെയും സംരംക്ഷിച്ചു കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Malayalam News

Kerala News in English

Advertisement