തിരുവനന്തപുരം:  സിന്ധുജോയിക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് കേരളീയ സമൂഹത്തോടും സിന്ധു ജോയിയോടും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നയാളാണ് വി.എസ്. അങ്ങനെയൊരാളില്‍ നിന്നും പലതവണയായി സ്ത്രീകള്‍ക്ക് അപമാനമുണ്ടാവുന്ന വാക്കുകള്‍ വരികയാണെന്നും ഉമ്മന്‍ചാണ്ടി ശ്രദ്ധയില്‍പ്പെടുത്തി.

‘സിന്ധുജോയിയുടെ കാര്യത്തില്‍ വി.എസ് നല്‍കിയ തിരുത്ത് ഒരാള്‍പോലും സ്വീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം വി.എസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിതെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് നല്‍കാമായിരുന്നു. എന്നാല്‍ ഇതിന് മുമ്പ് നിരവധി പ്രാവശ്യം സ്ത്രീകളെയും സ്ത്രീ നേതാക്കളെയും അപമാനിച്ചയാളാണ് വി.എസ്. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

പിറവം തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രചാരണനേതൃത്വം വി.എസിനാണ്. പ്രചാരണം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിനില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഈ സാഹചര്യത്തില്‍ വി.എസിന്റെ പ്രസ്താവനയോട് പാര്‍ട്ടിയുടെ പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘രാജിവെച്ചശേഷം ശെല്‍വരാജ് ഉയര്‍ത്തിയ ആരൊപണങ്ങള്‍ക്കൊന്നും പാര്‍ട്ടി മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരി നടത്തിയ പ്രസ്താവന എത്ര മാന്യമാണ്. ദൗര്യഭാഗ്യകരമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിണറായി വിജയനും വി.എസുമെല്ലാം ഇക്കാര്യം യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ശെല്‍വരാജിന്റെ അഭിമുഖം കണ്ടിരുന്നു. അതിലദ്ദേഹം പറയുന്നത് നേരത്തെ രണ്ട് പ്രാവശ്യം താന്‍ രാജിക്കൊരുങ്ങിയിരുന്നെന്നാണ്. സി.പി.ഐ.എം നേതാക്കള്‍ ഇടപെട്ട് അന്ന് ആ തീരുമാനം അദ്ദേഹത്തെക്കൊണ്ട് പിന്‍വലിപ്പിച്ചു. അതുകൊണ്ടാവണം ഇപ്പോള്‍ ആരോടും പറയാതെ രാജിവെച്ചത്’ – ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ശെല്‍വരാജിന് പ്രസ്താവന തയ്യാറാക്കി നല്‍കിയത്  മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ചാണെന്നും മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടറിലാണ് അത് തയ്യാറാക്കി നല്‍കിയതെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത് കണ്ടു. മുഖ്യമന്ത്രി ഇത് അന്വേഷിക്കണമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ദേശാഭിമാനി തന്നെ അത് അന്വേഷിക്കെന്നാണ് തനിക്ക് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനൂപ് ജേക്കബിന്റെ സത്യവാങ്മൂലത്തില്‍ ഒന്നും മറച്ചുവച്ചിട്ടില്ല. പരാജയഭീതികൊണ്ടാണ് പ്രതിപക്ഷം ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam news

Kerala news in English