തിരുവനന്തപുരം: എമേര്‍ജിങ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മറുപടിക്കത്തയച്ചു. പദ്ധതി സംബന്ധിച്ച ഏത് രേഖകള്‍ വേണമെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് അദ്ദേഹം അറിയിച്ചു.

വി.എസ് കത്തില്‍ പറഞ്ഞ  മൂന്ന് പദ്ധതികളും തുടങ്ങി വച്ചത് ഇടതുസര്‍ക്കാര്‍ തന്നെയാണെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു. ആ പദ്ധതിയുമായി യു.ഡി.എഫ് മുന്നോട്ട് പോകുകയാണ് ചെയ്തത്. അത് മറച്ചുവെച്ചുകൊണ്ടുള്ള പ്രചാരണം ശരിയല്ലെന്നും കത്തില്‍ പറയുന്നു.

Ads By Google

കൊച്ചി ആമ്പല്ലൂര്‍ ഇലക്‌ട്രോണിക് പാര്‍ക്ക്, കൊച്ചി പെട്രോ കെമിക്കല്‍സ്, കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി എന്നിവയിലാണ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ കത്തയച്ചിരുന്നത്. ഇവ 2009-10ലെ ബജറ്റില്‍ വി.എസ്. മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചവയാണെന്നതിന്റെ  തെളിവുസഹിതമാണ് ഉമ്മന്‍ ചാണ്ടി മറുപടിക്കത്തയച്ചിരിക്കുന്നത്.

ആമ്പല്ലൂര്‍ ഇലക്‌ട്രോണിക് പാര്‍ക്കിന് 1149 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കെ.എസ്.ഐ.ഡി.സി അനുമതി തേടിയത് 2007 ജൂണ്‍ 20, 2009 ഒക്‌ടോബര്‍ അഞ്ച് എന്നീ ദിവസങ്ങളിലാണ്. 2010 ജൂലൈ ഏഴിന്‌ വി.എസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അതിവേഗ സംവിധാനത്തില്‍ പാര്‍ക്കിനായി 334 ഏക്കര്‍ ഏറ്റെടുക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് അനുവാദം നല്‍കിയത്.

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി തുടങ്ങാന്‍ 2010 ഏപ്രില്‍ 16ന് വി.എസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കെ.എസ്.ഐ.ഡി.സിയെ നോഡല്‍ ഏജന്‍സിയായി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ഇന്‍കെലിന് മൂന്ന് കോടി അനുവദിച്ചതും ഇടതുസര്‍ക്കാരാണെന്നും കത്തില്‍ പറയുന്നു. കൊച്ചി എണ്ണ ശുദ്ധീകരണശാലയ്ക്കു സമീപം 1550 കോടി രൂപ മുടക്കി കേന്ദ്രസഹായത്തോടെ കൊച്ചി പെട്രോ കെമിക്കല്‍സ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചതും വി.എസിന്റെ കാലത്തെ ബജറ്റിലാണ്.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതിയെ പ്രതിസന്ധിയിലാക്കരുതെന്നും പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയച്ച കത്തിന്റെ കോപ്പി

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്   

എമേര്‍ജിംഗ് കേരളയിലെ മൂന്നു പദ്ധതികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് 3.9.2012ല്‍ കത്തു നല്കിയിരുന്നല്ലോ. Petroleum, chemicals and petrochemical investment region (പിസിപിഐആര്‍), National investment & manufacturing zone (കൊച്ചി -പാലക്കാട് നിംസ് പദ്ധതി), കൊച്ചിയിലെ ആമ്പല്ലൂര്‍ വില്ലേജില്‍ Electronic Hub എന്നീ പദ്ധതികളുടെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.  ഇതു സംബന്ധിച്ച ഏതു വിശദാംശങ്ങളും രേഖകളും നല്കാന്‍ സര്‍ക്കാര്‍ തയാറാണ്.

ഈ പദ്ധതികള്‍ക്കെല്ലാം തുടക്കമിട്ടതും മന്ത്രിസഭ തീരുമാനിച്ചതും അവയുമായി മുന്നോട്ടുപോയതും ബജറ്റില്‍ പ്രഖ്യാപിച്ചതുമൊക്കെ ഇടതുസര്‍ക്കാരായിരുന്നെന്നു ചൂണ്ടിക്കാട്ടട്ടെ. അതു മറച്ചുവച്ച് ഇവ പുതുതായി ആവിഷ്‌കരിച്ച പദ്ധതികളാണെന്നും ഇതില്‍ ദുരൂഹതകളുണ്ടെന്നുമുള്ള മട്ടില്‍ നടത്തിയ പ്രചാരണങ്ങള്‍ ഖേദകരമാണ്.  പദ്ധതികള്‍  ഓരോന്നിന്റെയും അല്പം ചരിത്രം ചുവടെ.

പി.സി.പി.ഐ.ആര്‍.

കൊച്ചി റിഫൈനറിക്കടുത്ത് പെട്രോകെമിക്കല്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന് 20.2.2009ലെ ബജറ്റ് പ്രസംഗത്തിലാണു പ്രഖ്യാപിച്ചത് (പേജ് 20). ഇതേ തുടര്‍ന്ന് കെഎസ്‌ഐഡിസി വിശദമായ പഠനം നടത്തുകയും പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും  ചെയ്തു.

നിംസ്

16.4.2010ലെ മന്ത്രിസഭായോഗ തീരുമാന പ്രകാരം കൊച്ചി- കോയമ്പത്തൂര്‍, കൊച്ചി- കാസര്‍കോഡ് വ്യവസായിക ഇടനാഴികള്‍ സ്ഥാപിക്കുന്നതിന് കെഎസ്‌ഐഡിസിയെ നോഡല്‍ ഏജന്‍സിയായി നിയോഗിച്ച് 19.4.2010ല്‍ ഉത്തരവിറക്കി. ഇതു സംബന്ധിച്ച വിശദമായ പഠനം നടത്താന്‍ ഇന്‍കെലിനു മൂന്നു കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് മഹീന്ദ്ര കണ്‍സള്‍ട്ടിംഗ് എന്‍ജിനിയേഴ്‌സിനെ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ചുമതലപ്പെടുത്തി.

ഇതിനിടെ, കേന്ദ്രസര്‍ക്കാരിന്റെ പുതിയ നാഷണല്‍ മാനുഫാക്ചറിംഗ് പോളിസി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനു പകരം കൊച്ചി- പാലക്കാട് നാഷണല്‍ ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് സോണ്‍ (നിംസ്) സ്ഥാപിക്കുന്നിനുള്ള നിര്‍ദേശം 16.6.2012ല്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുകയാണു ചെയ്തത്.

കൊച്ചി ആമ്പല്ലൂര്‍ ഇല്‌ക്ടോണിക്‌സ് പാര്‍ക്ക്

ആമ്പല്ലൂരില്‍ 1149 ഏക്കര്‍ ഭൂമി ഇലക്ട്രോണിക് ഹബ്ബിനു ഏറ്റെടുക്കുന്നതിന് 20.6.2007ലും 5.10.2009ലും കെഎസ്‌ഐഡിസി സര്‍ക്കാരിന്റെ അനുമതി തേടി. 20.2.2009 ലെ ബജറ്റ് പ്രസംഗത്തില്‍ ഇലക്ട്രോണിക് പാര്‍ക്കിന്റെ കാര്യം പരാമര്‍ശിച്ചിട്ടുണ്ട് (പേജ് 20).

ആമ്പല്ലൂരില്‍ 334 ഏക്കറില്‍ ഇലക്ട്രോണിക്‌സ് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള ശിപാര്‍ശ 5.1.2010ല്‍ കെഎസ്‌ഐഡിസി സര്‍ക്കാരിനു സമര്‍പ്പിച്ചു.

ഈ സ്ഥലം ഇലക്ട്രോണിക്‌സ് പാര്‍ക്കു സ്ഥാപിക്കുന്നതിന് ഏറ്റെടുക്കാന്‍ 7.7.2010ലെ മന്ത്രിസഭായോഗം കെഎസ്‌ഐഡിസിക്ക് അനുമതി നല്‍കി. രണ്ടു ദിവസം കഴിഞ്ഞ്  ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് (GO No 988/2010/ID) പുറത്തിറങ്ങുകയും ചെയ്തു. മേല്‍പ്പറഞ്ഞ മൂന്നു പദ്ധതികള്‍ സംബന്ധിച്ച ഏതു രേഖകളും  നല്കാന്‍ കഴിയുമെന്ന് അറിയിക്കട്ടെ. മൂന്നു പദ്ധതികളുടെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ (http://www.emergingkerala2012.org/mega-projects.php) നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്‍ വേണ്ടിയാണ്  ഇടതുസര്‍ക്കാര്‍   ഈ പദ്ധതികള്‍ക്കു തുടക്കമിട്ടതെന്നു കരുതുന്നു.  യുഡിഎഫ് സര്‍ക്കാര്‍ അതുമായി മുന്നോട്ടു പോകുക മാത്രമാണു ചെയ്യുന്നത്. സര്‍ക്കാരുകള്‍ വരും പോകും. പക്ഷേ വികസന പ്രക്രിയ അനസ്യൂതമായി തുടരുക തന്നെ വേണം.

ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വലിയൊരു സംരംഭമാണ് എമേര്‍ജിംഗ് കേരള. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഇതൊരു ചരിത്രസംഭവമാക്കി മാറ്റണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.  എല്ലാ സഹായസഹകരണങ്ങളും ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു.

വിശ്വാസപൂര്‍വം
ഉമ്മന്‍ ചാണ്ടി