കൊച്ചി: ഗള്‍ഫിലെ മലയാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി.

Ads By Google

ഗള്‍ഫിലെ ജയിലില്‍ കഴിയുന്നവര്‍ക്കുള്ള നിയമസഹായം, ജയില്‍മോചിതര്‍ക്ക് നാട്ടിലെത്താന്‍ സഹായകമായ നടപടികള്‍, വിസ തട്ടിപ്പിനിരയാവരുടെ കാര്യങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടതായി നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.

മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, കെ.ബാബു, ചീഫ് സെക്രട്ടറി ജോസ് സിറിയക്, മുഖ്യമന്ത്രിയുടെ സെക്രട്ടറി ദിനേശ് ശര്‍മ്മ, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ്, സി.ഇ.ഒ നോയല്‍ തോമസ്, എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അംബാസിഡര്‍മാരായ ജെ.എസ്.മുകുള്‍ (ഒമാന്‍), സഞ്ജീവ് അറോറ(ദോഹ), എം.കെ.ലോകേഷ് (യു.എ.ഇ), സുരേഷ് കെ.റെഡ്ഡി(യെമന്‍), സതീഷ് സി.മേത്ത(കുവൈറ്റ്), മോഹന്‍ കുമാര്‍ (ബഹറൈന്‍), ഹമീദ് അലി റാവു(സൗദി അറേബ്യ) എന്നിവരുമായി കൂട്ടായും പ്രത്യേകമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഗള്‍ഫ് മലയാളി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇന്‍ഷുറന്‍സ് കവറേജ് വ്യാപിപ്പിക്കുന്ന കാര്യം കമ്മ്യൂണിറ്റി ബെനവലന്റ് ഫണ്ട് പ്രവാസി ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന ആവശ്യം, ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഏജന്‍സികള്‍ മുഖേന റിക്രൂട്ട്‌മെന്റ് നടത്തുന്നകാര്യം എന്നിവ സംബന്ധിച്ച എല്ലാ സഹായവും അംബാസിഡര്‍മാര്‍ വാഗ്ദാനം ചെയ്തതായി കെ.സി.ജോസഫ് പറഞ്ഞു.

പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ അംബാസിഡര്‍മാരും ആദ്യാവസാനം പങ്കെടുത്തതില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രി പ്രത്യേകമായ നന്ദി അവരെ അറിയിച്ചു.