തിരുവനന്തപുരം: എമേര്‍ജിങ് കേരളയിലെ പദ്ധതികള്‍ പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായി ചീഫ്‌സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാം പദ്ധതിക്കും പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Ads By Google

എമേര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്താനായി വിവിധ വകുപ്പുകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ മാത്രമാണ് ഇതുവരെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇത് ജനങ്ങള്‍ കാണട്ടെയെന്ന് കരുതിയാണ് ചെയ്തത്. എന്നാല്‍ അതാണ് ഇപ്പോള്‍ ഏറെ വിവാദമായത്.

ഇനിമുതല്‍ സൂക്ഷ്മപരിശോധന നടത്താതെ ഒരു പദ്ധതിയും വെബ്‌സൈറ്റില്‍ ഇടില്ലെന്നും വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇവ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പദ്ധതികളുടെ ധാരണാപത്രത്തില്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച എല്ലാ പദ്ധതികള്‍ക്കും അംഗീകാരം നല്‍കില്ല. പ്രായോഗികമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കും.

കേരളത്തിലെ സാധ്യതകളും അവസരങ്ങളും സംസ്ഥാനത്തിന് പുറത്തുള്ളവരെ ബോധ്യപ്പെടുത്തുകയും കേരളം ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഫ്രണ്ട്‌ലി സ്‌റ്റേറ്റ് അല്ല എന്ന പൊതുവെയുള്ള ധാരണ മാറ്റുകയുമാണ് എമേര്‍ജിങ് കേരള കൊണ്ട് ലക്ഷ്യമിടുന്നത്.

നിലവില്‍ എല്ലാ വകുപ്പുകളും പരിശോധന കൂടാതെ നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത് സുതാര്യത ഉറപ്പാക്കാനായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

എമേര്‍ജിങ് കേരള ആശയങ്ങള്‍ പങ്കിടാനുള്ള വേദിയാണ്. അതുകൊണ്ട് തന്നെ എമേര്‍ജിങ് കേരളയില്‍ ധാരണാപത്രം ഒപ്പിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമേര്‍ജിങ് കേരളയില്‍ നിര്‍ദേശം വരുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് നിക്ഷേപ അനുമതി ബോര്‍ഡ് രൂപവത്കരിക്കും. 12, 13 തീയതികളില്‍ എമേര്‍ജിങ് കേരളയില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ 13 ന് വൈകിട്ട് കൊച്ചിയില്‍ ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോട്ടഭൂമിയുടെ അഞ്ച് ശതമാനം മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാമെന്ന നിയമം നിലവില്‍വന്നത് എല്‍.ഡി.എഫ് ഭരിച്ചപ്പോള്‍ നടപടിയെടുക്കാത്തതുമൂലമാണ്. ഈ അഞ്ച് ശതമാനത്തിന്റെ 10 ശതമാനം മാത്രമേ ടൂറിസത്തിന് ഉപയോഗപ്പെടുത്താന്‍ അനുവദിക്കൂ. 90 ശതമാനം ഭൂമിയും കേരളത്തിന് പ്രയോജനം ചെയ്യുന്ന മറ്റ് വിളകളുടെ കൃഷിക്ക് ഉപയോഗപ്പെടുത്തണം. പുതിയ നിയമം ഫാം ടൂറിസം വികസനത്തിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനും സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്തത്തോടെ എക്‌സിബിഷന്‍ സെന്റര്‍ ആരംഭിക്കാനും എമേര്‍ജിങ് കേരളയില്‍ ശുപാര്‍ശയുണ്ടായിരുന്നു.

ജില്ലാ വ്യവസായ കേന്ദ്രമാണ് നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. എട്ട് കോടി രൂപയ്ക്ക് എക്‌സിബിഷന്‍ സെന്റര്‍ പണിയാനാണ് പദ്ധതി. ആദ്യ അഞ്ച് വര്‍ഷത്തേക്ക് പാട്ടം നല്‍കേണ്ടതില്ല എന്നും പദ്ധതി നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

എന്നാല്‍ ഇതെല്ലാം വെറും നിര്‍ദേശങ്ങള്‍ മാത്രമാണെന്നും വിശദമായ പഠനങ്ങള്‍ക്കും സൂക്ഷ്മപരിശോധനകള്‍ക്കും ശേഷം മാത്രമേ ഇതെല്ലാം നടപ്പാക്കൂ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കടല്‍ക്ഷോഭത്തിനിരയായ തീരപ്രദേശങ്ങളില്‍ രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കാനും ആറാട്ടുപുഴ, പുറക്കാട് പഞ്ചായത്തുകളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിനായി തുക അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി പറഞ്ഞു.