എഡിറ്റര്‍
എഡിറ്റര്‍
ഭൂവിനിയോഗം: റവന്യൂ മന്ത്രിക്ക് എതിര്‍പ്പുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Monday 5th November 2012 12:55am

തിരുവനന്തപുരം: ഭൂവിനിയോഗ ബില്ലിന്റെ കാര്യത്തില്‍ റവന്യൂ മന്ത്രിക്ക് അഭിപ്രായവ്യത്യാസമുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കോണ്‍ഗ്രസിന്റെ നയമല്ല വിവാദ നിര്‍ദേശങ്ങള്‍. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായ ഒന്നും വരില്ല. ഭൂവിനിയോഗ ബില്‍ സംബന്ധിച്ച് റവന്യുനിയമ മന്ത്രിമാര്‍ തമ്മിലെ തര്‍ക്കത്തെ കുറിച്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Ads By Google

നെല്‍പ്പാടങ്ങള്‍ വ്യവസായത്തിനും ടൂറിസത്തിനും വേണ്ടി നികത്താനും ഭൂവിനിയോഗ ഉത്തരവ് പിന്‍വലിക്കാനുമുള്ള ബില്‍ കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും എതിര്‍പ്പുണ്ടാക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ഇക്കാര്യത്തില്‍ വിവാദങ്ങളുണ്ടാക്കിയതിന് മാധ്യമങ്ങളെ പഴിച്ച മുഖ്യമന്ത്രി ഇങ്ങനെയൊരു നിയമം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ബില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും പിന്നീട് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായും രൂപവത്കരിച്ച രണ്ട് നിയമപരിഷ്‌കാര റിപ്പോര്‍ട്ടുകള്‍ അലമാരയില്‍ വിശ്രമിക്കുന്നുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ പിന്നീട് ആരും നോക്കാറില്ല.

നിയമ കമീഷനുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് നോട്ട് നല്‍കിയിരുന്നു. നിയമമന്ത്രി റിപ്പോര്‍ട്ടുകളെ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ എല്ലാ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുകയും ചെയ്തു. കമീഷന്‍ റിപ്പോര്‍ട്ടുകളില്‍ നടപ്പാക്കാന്‍ കഴിയുന്നത് വല്ലതുമുണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്തത്. നല്ല ഉദ്ദേശത്തോടെ ചെയ്തതാണിത്. നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ നിലപാട് ഇക്കാര്യത്തില്‍ മന്ത്രിമാരുടെ അറിവോടെ അറിയിക്കാനാണ് ആവശ്യപ്പെട്ടത്. അത് മന്ത്രിസഭ ചര്‍ച്ച ചെയ്യും.

ഭൂവിനിയോഗ ബില്ലിന്റെ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് മാത്രമാണ് അഭിപ്രായമറിയിക്കാന്‍ നല്‍കിയത്. മറ്റാര്‍ക്കും നല്‍കിയിട്ടില്ല. മന്ത്രിമാരുടെ ശുപാര്‍ശകളോടെ മന്ത്രിസഭ ചര്‍ച്ചചെയ്യും. പിന്നീടാണ് രാഷ്ട്രീയതലത്തില്‍ ചര്‍ച്ചചെയ്യുക. അതുംകഴിഞ്ഞേ ബില്‍ തയ്യാറാക്കൂ. ഇക്കാര്യത്തില്‍ നിയമനിര്‍മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല.

എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോവുകയും ആരെയും തള്ളുകയോ അവഗണിക്കുകയോ ചെയ്യാതിരിക്കുകയുമാണ് യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും ശക്തി. സര്‍ക്കാറിന് ഭൂരിപക്ഷം കുറവായതിനാല്‍ മുന്നോട്ടു പോകില്ലെന്ന് തുടക്കത്തില്‍ പലരും പറഞ്ഞിരുന്നു. ഇപ്പോള്‍ അത്തരം ആശങ്കയില്ല. ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നിറവേറ്റി മുന്നോക്ക് പോകും.

Advertisement