Oommen-Chandy

തിരുവനന്തപുരം: തുടര്‍ ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഉയര്‍ന്ന പോളിങ് ശതമാനം പ്രതിഫലിപ്പിക്കുന്നത് എന്നാണ് തന്റെ വിശ്വാസമെന്ന് മുഖ്യമന്ത്രി ഉ്മ്മന്‍ ചാണ്ടി.

തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 74.12 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാന അവകാശം വിനിയോഗിച്ചതായി അറിയാന്‍ കഴിഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ അത്യാവേശപൂര്‍വം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുടനീളം യു.ഡി.എഫിനോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുകയും സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ്ങ് ബൂത്തിലേക്കെത്തുകയും ചെയ്ത എല്ലാ മലയാളികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.12%, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74.02%, 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 77.76% വീതമായിരുന്നു പോളിങ്. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 80.54 ശതമാനത്തിനു ശേഷം 2011ല്‍ ആണ് ഏറ്റവും കൂടുതല്‍ പോളിങ് ഉണ്ടായത്.

പോളിങ് പൊതുവേ സമാധാനപരമായിരുന്നു. എവിടെയും റീപോളിങ് പ്രഖ്യാപിച്ചിട്ടുമില്ല. ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം കണ്ണൂര്‍ ജില്ലയിലാണ്: 78.49. കുറവ് പത്തനംതിട്ടയിലും, 61.95%.