തിരുവനന്തപ്പുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടു. അഴിമതിക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത മാലിന്യനിവാരണ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതില്‍ ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്തു എന്നതിന്റെ രേഖകളാണ് ഇന്ത്യാവിഷന്‍ പുറത്തു വിട്ടത്. ഈ പദ്ധതിയിയുടെ പേരില്‍ നടന്നത് 100 കോടിയിലധികം രൂപയുടെ അഴിമതിയാണ്.

പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയ്യെടുത്ത് ഉമ്മന്‍ ചാണ്ടി സുപ്രീംകോടതി മോണിറ്ററിംഗ് അധ്യക്ഷന്‍ ത്യാഗരാജന് 2005 ഏപ്രില്‍ 23നും 2006 ജനുവരി 5നും അയച്ച കത്തുകളാണ് ചാനല്‍ പുറത്ത് വിട്ടത്. ഉമ്മന്‍ ചാണ്ടി പ്രത്യേക താല്‍പര്യമെടുത്ത് കത്തയച്ചത് മന്ത്രിസഭയും മലിനീകരണ നിയന്ത്രണബോര്‍ഡും ഇറക്കുമതി അംഗീകരിക്കുന്നതിനു മുമ്പാണ്.

Subscribe Us:

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനി മാലിന്യനിവാരണവുമായി ബന്ധപ്പെട്ട് വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി സി.എ.ജി 2007 ല്‍ കണ്ടെത്തിയിരുന്നു. 2007 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പരിശോധിച്ച് പദ്ധതിയുടെ പേരില്‍ ധന ദുര്‍വിനിയോഗം നടന്നുവെന്ന് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നുണ്ട്.

2006ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ധൃതി പിടിച്ച് ഇറക്കുമതി ചെയ്ത ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുന്ന പുറത്തുവരാത്ത സാധനസാമഗ്രികളുടെ ദൃശ്യങ്ങളും ചാനല്‍ പുറത്തു വിട്ടു. കമ്മീഷന്‍ നേടുക എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തി 62 കോടി രൂപയുടെ യന്ത്രസാമഗ്രികളാണ് അപ്രായോഗികമായ മാലിന്യ നിവാരണ പദ്ധതിക്ക് വേണ്ടി 2006 ല്‍ കമ്പനി ഇറക്കുമതി ചെയ്തത്.