Administrator
Administrator
പാമോയിലില്‍ തെന്നി വീഴുന്നത് ഉമ്മന്‍ചാണ്ടി
Administrator
Monday 14th March 2011 12:00pm

അടുത്ത മുഖ്യമന്ത്രിയെന്ന് പല യു.ഡി.എഫ് നേതാക്കളും പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ഇന്നത്തെ വിജിലന്‍സ് കോടതി ഉത്തരവ്. ഉത്തരവില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്ന ഭാഗങ്ങളൊന്നുമില്ലെങ്കിലും പ്രോസിക്യൂഷന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ഗൗരവമുള്ള ആരോപണങ്ങള്‍ പരിഗണിച്ചാണ് കോടതി വിധിയെന്നതിനാല്‍ വിധിയുടെ ഗൗരവം കുറയുന്നില്ല.

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് വരും ദിവസങ്ങളില്‍ അന്വേഷണ സംഘം നീങ്ങിയേക്കുമെന്നാണ് സൂചന. ഇങ്ങിനെ അന്വേഷണ ഭീഷണിയില്‍ കഴിയുന്ന ഒരു നേതാവിനെ വെച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നത് യു.ഡി.എഫിനെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും. കോടതി നടപടി മുന്‍കൂട്ടിക്കണ്ടാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മത്സരത്തിനൊരുങ്ങുന്നതെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.

മുന്നണിയിലെ സേനാ നായകര്‍ ഒന്നൊന്നായി കേസിലും ജലിയിലും അകപ്പെടുന്ന സ്ഥിയാണ് യു.ഡി.എഫില്‍ കണ്ടുകൊണ്ടിരിക്കുന്നത്. പ്രതിബന്ധങ്ങള്‍ തരണം ചെയ്തുവെന്ന് ആശ്വസിക്കുമ്പോള്‍ മറ്റൊന്ന് മീതെ കരിനിഴലായി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. ഇതില്‍ ഏറ്റവും ഒടുവിലത്തെതാണ് പാമോയില്‍ കേസ്.

കേസ് ചരിത്രം

1991-92 കാലത്ത് നടന്ന പാമോയില്‍ കുംഭകോണ കേസുണ്ടാവുന്നത്. സിവില്‍ സപ്ലൈസ് നടത്തിയ പാമോലിന്‍ ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. 1996ല്‍ പബ്ലിക്‌സ് അക്കൗണ്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പാമോലിന്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്ന് പറയുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍ അംഗമായ കമ്മിറ്റിയാണ് ഈ നിരീക്ഷണം നടത്തിയത്. വിജിലന്‍സ് അന്വേഷിച്ച കേസില്‍ 2000ല്‍ കുറ്റപത്രം തയ്യാറായിരുന്നു. മുന്‍മുഖ്യമന്ത്രി കെ.കരുണാകരനും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. എന്നാല്‍ കരുണാകരന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2007 ആഗസ്റ്റ് മൂന്നിന് വിചാരണ കോടതിയിലെ പാമോയില്‍ കേസ് നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

പാമോയില്‍ കേസില്‍ കുറ്റവിചാരണ നടപടികള്‍ മുന്നോട്ടു പോയ ഘട്ടത്തില്‍, മുന്‍മുഖ്യമന്ത്രിയും എം.പിയുമായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പ്രത്യേകാനുമതി വേണമെന്ന നിലപാടുമായി കരുണാകരന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പാമോയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം കാണിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. എന്നാല്‍ എല്‍ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍, കേസ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കാണിച്ച് പുതിയ സത്യവാങ്മൂലം നല്‍കി.

കേസ് പരിഗണിക്കുമ്പോഴേക്ക് കരുണാകരന്‍ എം.പി സ്ഥാനം രാജി വെച്ചതിനാല്‍ നടപടിയുമായി മുന്നോട്ടു പോകാമെന്നായി. സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കരുണാകരന്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈകോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമായി കാണാനാവില്ലെന്നായിരുന്നു ഹൈകോടതി വിധി. ഇതേതുടര്‍ന്നാണ് വിചാരണ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരുണാകരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ അടുത്തിടെ സുപ്രീം കോടതി ഈ സ്‌റ്റേ നീക്കുകയായിരുന്നു. തുടര്‍ന്നാണ് 20 വര്‍ഷത്തെ പഴക്കത്തിന്റെ ചാരം മൂടിയ കേസ് വീണ്ടും തുറക്കപ്പെട്ടത്.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍

കേസില്‍ പ്രതിയായ ടി.എച്ച് മുസ്തഫ നല്‍കിയ സത്യവാങ്മൂലത്തില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കൂടി അറിവോടെയാണ് ഇടപാട് നടന്നതെന്ന് പരാമര്‍ശിച്ചിരുന്നു. ഇത് വിവാദമാവുകയും ചെയ്തു.

പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഹരജിയില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ഒപ്പുവച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പങ്ക് കൂടി അന്വേഷണ വിധേയമാക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അന്വേഷണം നടക്കുമ്പോള്‍ കരുണാകരന്‍ സുപ്രീം കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതിനാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് എസ്.പി വി. ശശിധരന്‍ കോടതിയെ അറിയിച്ചിരുന്നു.

അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി 2005ല്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പത്രസമ്മേളനത്തില്‍ പാമൊലിന്‍ കേസിനെപ്പറ്റി എല്ലാകാര്യങ്ങളും തനിക്ക് അറിയാമെന്നു പറഞ്ഞിരുന്നു. കേസിലെ നാലാംപ്രതി സഖറിയാ മാത്യു ഫയല്‍ ചെയ്ത വിടുതല്‍ ഹരജിയിലും ചില വെളിപ്പെടുത്തലുകളുണ്ട്. ധനമന്ത്രിയുടെ അനുമതി ഇല്ലാതെ ഇടപാട് സാധ്യമാകുമായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേസിന്റെ അന്വേഷണ സമയത്തു പരിഗണിക്കാതിരുന്ന ചില ഘടകങ്ങളെ കുറിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സഭയില്‍ വച്ച ഫയലിലും വെളിപ്പെടുത്തലുകളുണ്ട്. ഇക്കാര്യങ്ങളെല്ലാം വിജിലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ചീഫ് വിജിലന്‍സ് കമ്മിഷണറായിരുന്ന പി.ജെ. തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയും പാമൊലിന്‍ കേസ് സംബന്ധിച്ചു ഗൗരവമുള്ള പരാമര്‍ശം നടത്തിയിരുന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

പാമോലിന്‍ കേസ് തുടരന്വേഷിക്കണമെന്ന് കോടതി

‘പ്രതിചേര്‍ത്താലുള്ള സാഹചര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്’

Advertisement