തിരുവനന്തപ്പുരം: സ്‌കൈസിറ്റി പദ്ധതിക്ക് നിബന്ധനകളോടെയുള്ള പ്രാഥമിക അനുമതി മാത്രമാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിയുമായി ബന്ധപ്പെട്ട ക്ലിയറന്‍സുകളെല്ലാം കമ്പനി തന്നെ വാങ്ങണം. അതിന് ശേഷം മാത്രമെ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

കൊച്ചി കേന്ദ്രമായ യശോറാം ഡവലപ്പേഴ്‌സ് മുന്നോട്ടുവെച്ച സ്‌കൈ സിറ്റി പദ്ധതിക്ക് മുന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ അനുമതി നിഷേധിച്ചിരുന്നു. പ്രസ്തുത കൊച്ചി ആകാശ നഗരം പദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രഹസ്യ അനുമതി നല്‍കിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഡിസംബര്‍ ആദ്യവാരം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് എടുത്ത തീരുമാനം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു.

ഇതേസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘സ്‌കൈ സിറ്റി പദ്ധതിയോ, അതെന്താ, അതെവിടെയാ….?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഗതി വിവാദമായതോടെ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം വ്യവസായ വകുപ്പിനോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുകയായിരുന്നു.

അതേസമയം, കൊച്ചി കായലിന് മുകളില്‍ ഫ്‌ളൈ ഓവര്‍ പണിത് ഷോപ്പിംഗ് മാളുകളും ഫഌറ്റുകളും നിര്‍മ്മിക്കുന്ന ആകാശ നഗരം പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തു വന്നിട്ടുണ്ട്.

വി.എസ് തടഞ്ഞ വിവാദ പദ്ധതിക്ക് ഉമ്മന്‍ചാണ്ടിയുടെ രഹസ്യ അനുമതി

സ്‌കൈസിറ്റിയോ, അതെന്താ?..- ഉമ്മന്‍ചാണ്ടി

സ്‌കൈ സിറ്റി: ഫയലുകള്‍ വേണമെന്ന് മുഖ്യമന്ത്രി

Malayalam News
Kerala News in English