ആലുവ: മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി സംഘത്തെ അയക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ആലുവ പാലസില്‍ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച.

സര്‍വകക്ഷി സംഘം 13നോ, 14നോ പ്രധാനമന്ത്രിയെ കാണുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

പിണറായി വിജയനും കോടിയേരിയുമടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഫോണിലും വി.എസിനോടു നേരിട്ടും ഇക്കാര്യം സംസാരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. യു.ഡി.എഫില്‍ തന്നെ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആകണമെന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പാട്ടഭൂമിയിലെ കയ്യേറ്റക്കാരെ സംരക്ഷിക്കാനാണു മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ സമ്മതിക്കാത്തത് എന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോപണം ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ നിന്നു കോട്ടയത്തേക്കു പോകാനിരുന്ന മുഖ്യമന്ത്രി, വി.എസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നതറിഞ്ഞാണ് നേരിട്ടു കാണാന്‍ തീരുമാനിച്ചത്. ഏഴുമണിയോടെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനുമൊത്ത് ഉമ്മന്‍ ചാണ്ടി ആലുവാ പാലസിലെത്തി. രണ്ടു മണിക്കൂര്‍ ഇരുവര്‍ക്കും വി.എസിനെ കാത്തിരിക്കേണ്ടി വന്നു. ഒന്‍പതു മണിയോടെയാണ് വി.എസ് എത്തിയത്. വെറും രണ്ടു മിനുട്ട് മാത്രമാണ് ചര്‍ച്ച നടന്നത്.

Malayalam News
Kerala News in English