തിരുവനന്തപ്പുരം: അധ്യാപകനെ ആക്രമിച്ച കേസില്‍ ഐ.ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യം ഉന്നയിച്ചപ്പോള്‍ നല്‍കിയ മറുപടിയിലാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അധ്യാപകന്‍ കൃഷ്ണകുമാറിന്റെ നില നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ആരോഗ്യനിലയില്‍ ഇനി ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് അദ്ദേഹത്തില്‍ നിന്നും മൊഴിയെടുക്കാന്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പോലീസ് അപേക്ഷ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരിപ്പ് നടത്തി.

ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിച്ചുവിട്ടു.