തിരുവനന്തപ്പുരം. ബാലകൃഷ്ണപിള്ള തന്നെയും തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാലകൃഷ്ണപിള്ള വിളിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് ഞാന്‍ കോട്ടയത്ത് ഒരു ഹോസ്പിറ്റലിലെ പരിപാടിയിലും സെക്രട്ടറിയുടെ ഫോണ്‍ ചെങ്ങന്നൂരിനടുത്തുള്ള മുളക്കഴ ടവര്‍ പരിധിയിലും ആയിരുന്നെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. താനുമായി പിള്ള സംസാരിച്ചെന്ന ആരോപണം തെളിയിക്കാന്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.

ബാലകൃഷ്ണപിള്ള എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയായപ്പോള്‍ പിള്ളയെ ഒരു തവണ കണ്ടത് അദ്ദേഹം പരോളില്‍ ഇറങ്ങിയപ്പോഴായിരുന്നു. എനിക്ക് പിള്ളയെ വിളിക്കണമെന്ന് തോന്നിയാല്‍ നിയമപരമായ മാര്‍ഗ്ഗത്തില്‍ പരസ്യമായേ ചെയ്യൂ. പ്രതിപക്ഷ നേതാവിയിരിക്കുമ്പോള്‍ ഞാന്‍ പിള്ളയെ ജയിലില്‍ പോയി കണ്ടിട്ടുണ്ട്. അത് പരസ്യമായിരുന്നു, മാധ്യമങ്ങളും കണ്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അടിയന്തിര പ്രമേയ അവതരണത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസിലെ മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള ആരോപണങ്ങള്‍ക്ക്് മാത്രമാണ് ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞത്. കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.