തിരുവനന്തപുരം: മാര്‍ത്താണ്ഡ വര്‍മ്മയെക്കുറിച്ച് പ്രതിപക്ഷ നേതാവായ വി. എസില്‍ നിന്ന് അത്തരത്തിലൊരു പരാമര്‍ശം ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം അത് ഒഴിവാക്കേണ്ടതായിരുന്നു. പ്രതിപക്ഷ നേതാവിനെ ഉപദേശിക്കാന്‍ ഞാനില്ല. മാധ്യമങ്ങള്‍ ചോദിച്ചതുകൊണ്ട് പറയുകയാണെന്നു മാത്രം. കേരളത്തിലെ പൊതു ജനങ്ങളുടെ വികാരം മാനിച്ചാണ് ഞാനിങ്ങനെ പറയുന്നത്-ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അതേസമയം ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മക്കെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. റഊഫിനെപ്പോലുള്ളവരുമായി ചേര്‍ന്ന് രാഷ്ട്രീയവൈരികളെ നേരിടാനാണോ വി.എസ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും അജണ്ട നടപ്പാക്കാനാണ് അണ്ണാ ഹസാരെയുടെ ശ്രമമെന്ന് ചെന്നിത്തല പറഞ്ഞു. സമരം രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം വി. എസ്സിന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രാജാക്കന്മാരെയും ജന്മിമാരെയും എതിര്‍ത്ത് തോല്‍പ്പിച്ചാണ് ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടായത്. ഞ്ഞങ്ങള്‍ക്കിവിടെ ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.