ummenchandiതിരുവനന്തപുരം: സംസ്ഥാനത്തെ ലൈബ്രറികൗണ്‍സിലുകളിലേക്കുള്ള ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന് രൂപം നല്‍കും. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ ഫണ്ടുകള്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത് വിവിധ ഓര്‍ഗനൈസേഷനുകള്‍ വഴിയാണ്. ഇതൊഴിവാക്കി ഫണ്ട് വിതരണത്തിനായി പ്രത്യേകം ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുകയെന്ന കേന്ദ്രനിര്‍ദേശം പരിഗണിച്ചാണ് തീരുമാനം.

കൊച്ചി മെട്രോ റെയിലിനായി തമ്മനംപുല്ലേപ്പടി റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനായി കൊച്ചി നഗരസഭയ്ക്ക് 25 കോടിരൂപ നല്‍കാന്‍ തീരുമാനിച്ചു. കുമാരനനല്ലൂര്‍ റെയില്‍ വേ ഓവര്‍ ബ്രിഡ്ജമിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കും.

അണ്‍എയ്ഡഡ് സ്‌ക്കൂളുകളുടെ ഫീസ് ഘടന ഏകീകരിക്കും. ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്‌ക്കൂളുകളില്‍ ഫീസ് ഏര്‍പ്പെടുത്തുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. അതേസമയം ഭൂരിപക്ഷവിഭാഗം നടത്തുന്ന സ്ഥാപനങ്ങളിലെ ഫീസിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫീസ് ഘടന ഏകീകരിക്കുന്നതിനായി കെ.ഇ.ആര്‍ സെക്ഷന്‍ 29ല്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചു.

കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂറുമാറ്റ നിയനത്തിന്റെ പരിധിയില്‍ കൊണ്ടുവരും. ഇതിനായി 2005ല്‍ യു.ഡി.എഫ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വീണ്ടും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.